കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങൾ. കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്നും ഗൂഢാലോചനയിൽ പങ്കെടുത്ത ചിലരിലേക്ക് അന്വേഷണം എത്തിയില്ലെന്നുമാണ് ആരോപണം. കേസിൽ ഇടപെടൽ ആവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബങ്ങൾ.
ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തതിലും ഗൂഢാലോചനയിൽ പങ്കെടുത്ത ചിലരിലേക്കും അന്വേഷണം എത്തിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഈ മാസം തന്നെ ഹർജി ഫയൽ ചെയ്യാനാണ് നീക്കം. എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്‍റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇരു കുടുംബങ്ങളും പറയുന്നു.
കഴിഞ്ഞ ഡിസംബർ മൂന്നിനാണ് പെരിയ കേസിൽ 24 പേരെ പ്രതി ചേർത്തുകൊണ്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് പ്രതിചേർത്ത 14 പേരെ കൂടാതെ സിബിഐ 10 പേരെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തു. ഇവരിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. കേസിലെ മുഖ്യപ്രതി എ.പീതാംബരൻ ഉൾപ്പടെ 16 പേർ ഇപ്പോൾ റിമാൻഡിലാണ്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌ത 14 പേരിൽ മൂന്നു പേരും സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പടെ അഞ്ചുപേരും ജാമ്യം നേടിയിരുന്നു.
അതേസമയം പെരിയ കൊലപാതകത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തുടരന്വേഷണം നടത്തണമെന്നും മാതാപിതാക്കളുടെ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും എം.പി രാജ്‌മോഹൻ ഉണ്ണിത്താനും അറിയിച്ചു.
READ MORE:സിബിഐ വരാതിരിക്കാന്‍ ഖജനാവില്‍ നിന്ന് പൊടിച്ചത് 88 ലക്ഷം ; ഒടുവില്‍ സിപിഎമ്മിന് പ്രഹരമായി കുറ്റപത്രം