കാസർകോട് :പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസര്‍കോട് ജില്ല ആശുപത്രിയിൽ താത്കാലിക നിയമനം. കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്കാണ് പ്രവേശനം.
മുഖ്യ പ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ.പിതാംബരന്‍റെ ഭാര്യ മഞ്ചു, രണ്ടാം പ്രതി സജി ജോര്‍ജിന്‍റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്‍റെ ഭാര്യ ബേബി, കേസില്‍ ആരോപണം നേരിടുന്ന സുരേന്ദ്രന്‍റെ ഭാര്യ ശ്രുതി എന്നിവര്‍ക്കാണ് ജില്ലാശുപത്രിയില്‍ താത്ക്കാലിക നിയമനം നല്‍കിയിരിക്കുന്നത്.
READ MORE:പെരിയ ഇരട്ടക്കൊലക്കേസ്; റിമാന്‍ഡ് പ്രതികളെ സി.ബി.ഐ ചോദ്യം ചെയ്തു
ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ജില്ല ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. അകത്ത് പ്രവേശിക്കാനുള്ള പ്രവര്‍ത്തകരുടെ നീക്കം പൊലീസ് ബലപ്രയോഗത്തിലൂടെ തടഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ആശുപത്രിയിൽ നിയമനം സിബിഐ അന്വേഷണം
കഴിഞ്ഞ മാസമാണ് നാല് പേരെയും ആശുപത്രിയില്‍ നിയമിക്കാന്‍ സിപിഎം ഭരിക്കുന്ന കാസര്‍കോട് ജില്ല പഞ്ചായത്ത് തീരുമാനിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂന്ന് പ്രതികളുടെയും ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ ജോലി നല്‍കണമെന്ന സിപിഎം നേതൃത്വത്തിന്‍റെ ശുപാര്‍ശ അംഗീകരിച്ചാണ് നിയമനമെന്നാണ് സൂചന.
കേസില്‍ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് മൂവരുടെയും ഭാര്യമാര്‍ക്ക് പാര്‍ട്ടി ഇടപെട്ട് ജോലി ലഭിച്ചിരിക്കുന്നത്. കൊലപാതകവുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് നേതൃത്വം വാദിക്കുന്നതിനിടെയാണ് കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ല പഞ്ചായത്ത് ഇടപെട്ടുള്ള താൽക്കാലിക നിയമനം.