കേരളം

kerala

By

Published : Sep 20, 2019, 10:40 AM IST

ETV Bharat / state

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതിഭാഗം അഭിഭാഷകനായി അഡ്വ. ആളൂര്‍ ഹാജരാകും

പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതകക്കേസിലെ പ്രധാന പ്രതികളിലൊരാളെന്ന് അന്വേഷണസംഘം കണ്ടെത്തിയ ആളാണ് എട്ടാം പ്രതി സുബീഷ്.

പെരിയ ഇരട്ടക്കൊലക്കേസ്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിഭാഗം അഭിഭാഷകനായി അഡ്വ. ആളൂര്‍ ഹാജരാകും. കേസിലെ എട്ടാം പ്രതിയും സിഐടിയു പ്രവര്‍ത്തകനുമായ സുബീഷിന് വേണ്ടിയാണ് തിങ്കളാഴ്‌ച ജില്ല കോടതിയില്‍ ആളൂര്‍ ഹാജരാവുക. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സംഘത്തിലെ എട്ടാം പ്രതിയാണ് ചുമട്ടുതൊഴിലാളിയും,പാക്കം സ്വദേശിയുമായ സുബീഷ്. സംഭവം നടന്ന് ഏഴ് മാസങ്ങള്‍ക്ക് ശേഷം ജില്ലാ കോടതിയില്‍ സുബീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് ആളൂര്‍ കോടതിയില്‍ ഹാജരാകുന്നത്.

കേസിലെ മറ്റു ചില പ്രതികള്‍ കൂടി ആളൂരിനെ സമീപിച്ചതായും സൂചനയുണ്ട്. നേരത്തെ കേസിലെ 9,10,11 പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്ക് വേണ്ടി അഡ്വ. രാംകുമാറാണ് കോടതിയില്‍ ഹാജരായത്. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച് ഹൈക്കോടതി നിഷേധിച്ചു. ഇതിന് പിന്നാലെയാണ് കേസിലെ പ്രധാന പ്രതികളിലൊരാളെന്ന് അന്വേഷണസംഘം കണ്ടെത്തിയ സുബീഷിന്‍റെ ജാമ്യാപേക്ഷ ജില്ല കോടതി പരിഗണിക്കുന്നത്. കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്ന വാദമാണ് പ്രധാനമായും ജാമ്യാപേക്ഷയില്‍ സുബീഷ് ഉന്നയിച്ചിരിക്കുന്നത്. ആളൂര്‍ എത്തുന്നതോടെ പെരിയ കേസിലെ വിചാരണ നടപടികള്‍ കൂടി വാര്‍ത്ത പ്രാധാന്യം നേടും. കൊല നടന്ന് അഞ്ച് ദിവസത്തിന് ശേഷം വിദേശത്തേക്ക് കടന്ന സുബീഷിനെ മൂന്ന് മാസം കഴിഞ്ഞാണ് മംഗ്ളൂരു വിമാനത്താവളത്തില്‍ വെച്ച് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.

ABOUT THE AUTHOR

...view details