കേരളം

kerala

ETV Bharat / state

Pension For Endosulfan Victims പെൻഷനില്ല, മരുന്നുമില്ല.. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇത്തവണ കണ്ണീരോണം - എൻഡോസൾഫാൻ

Endosulfan victims Kasaragod facing crisis പെൻഷന് പുറമെ സൗജന്യ മരുന്നും ചികിത്സയും കൂടി മുടങ്ങിയതോടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ പ്രതിസന്ധിയിലായി.

entosulfan issue onam  Pension for Endosulfan victims  Endosulfan victims issues Kasaragod  Pension for Endosulfan victims stopped  Endosulfan victims Kasaragod facing crisis  Endosulfan victims  എൻഡോസൾഫാൻ ദുരിതബാധിതർ  എൻഡോസൾഫാൻ  പെൻഷൻ
Pension for Endosulfan victims

By ETV Bharat Kerala Team

Published : Aug 23, 2023, 9:01 PM IST

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇത്തവണ കണ്ണീരോണം

കാസർകോട് : എൻഡോസൾഫാൻ ദുരിതബാധിതർക്ക് (Endosulfan victims) ഇത്തവണ കണ്ണീരോണമാണ്. കഴിഞ്ഞ അഞ്ച് മാസമായി പെൻഷൻ തുക നൽകാൻ സർക്കാർ തയാറായിട്ടില്ല. ദുരിതബാധിതർക്കുള്ള സൗജന്യ മരുന്ന് വിതരണവും വാഹന സൗകര്യവും നിലച്ചിരിക്കുകയാണ്. കിടപ്പ് രോഗികൾക്ക് 2200 രൂപയും മറ്റു രോഗികൾക്ക് 1600 രൂപയും ദുരിതബാധിതരെ പരിചരിക്കുന്നവർക്ക് 700 രുപയുമാണ് പെൻഷൻ നൽകുന്നത്. എന്നാൽ അഞ്ച് മാസമായി ഈ തുക മുടങ്ങിയിരിക്കുകയാണ്. സർക്കാർ തങ്ങളോട് മുഖം തിരിച്ചു നിൽക്കുകയാണെന്നും പെൻഷൻ (Pension for Endosulfan victims) മുടങ്ങിയതോടെ ജീവിതം കടുത്ത പ്രതിസന്ധിയിലായെന്നും ഇരകളുടെ അമ്മമാർ പറയുന്നു.

ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴി നടത്തിയിരുന്ന സൗജന്യ മരുന്ന് വിതരണം കഴിഞ്ഞ വർഷം നിർത്തിയിരുന്നു. തുടർന്ന് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി സഹായം ചെയ്യുമെന്ന് തീരുമാനിച്ചെങ്കിലും നാളിതുവരെ നടപടിയായില്ല. ഏഴ് മാസമായി ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനുള്ള സെൽ യോഗവും നടന്നിട്ടില്ല. സെല്ലിന്‍റെ ചുമതലയുള്ള മന്ത്രി മുഹമ്മദ്‌ റിയാസ് ജില്ലയിലെത്തിയിട്ടും ദുരിതബാധിതരെ പരിഗണിച്ചില്ലെന്നാണ് ആരോപണം.

2010 മുതലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ മരുന്നും സൗജന്യ ചികിത്സയും നൽകി തുടങ്ങിയത്. ഈ തീരുമാനം എൻഡോസൾഫാൻ ദുരിതബാധിതർക്ക് വലിയൊരു കൈത്താങ്ങ് ആയിരുന്നു. സാമ്പത്തികം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പല സ്റ്റോറുകളും മരുന്ന് വിതരണം നിർത്തിയത്. നീതി സ്‌റ്റോറുകൾ വഴിയായിരുന്നു സൗജന്യ മരുന്ന് വിതരണം.

നീതി സ്‌റ്റോറുകൾ വഴിയുള്ള സൗജന്യ മരുന്ന് വിതരണത്തിൽ നിലവിലുണ്ടായിരുന്ന കുടിശ്ശിക കാസർകോട് വികസന പാക്കേജിൽ ഉൾപെടുത്തി നൽകുമെന്നായിരുന്നു തീരുമാനം. ഇതിനായി സംസ്ഥാന സർക്കാർ നാല് കോടി 17 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാലത് കടലാസിൽ മാത്രം ഒതുങ്ങി. ദുരിത ബാധിത മേഖലകളിലെ നീതി മെഡിക്കൽ സ്‌റ്റോറുകൾക്ക് എട്ട് ലക്ഷം മുതൽ 26 ലക്ഷം രൂപ വരെയാണ് കുടിശ്ശിക ലഭിക്കാനുള്ളത്. എൻ.എച്ച്.എം നൽകിയിരുന്ന ഫണ്ട്‌ നിലച്ചതോടെ മംഗളൂരുവിൽ ഉൾപെടെയുള്ള ആശുപത്രികളിൽ സൗജന്യ ചികിത്സയും ലഭ്യമല്ല.

ആശുപത്രികൾക്കും, സൗജന്യമായി മരുന്നുകൾ വിതരണം ചെയ്‌ത നീതി മെഡിക്കൽ സ്‌റ്റോറുകൾക്കും കുടിശികയായി നൽകാനുള്ളത് രണ്ട് കോടിയിലധികം രൂപയാണ്. പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഫണ്ടും ഇതുവരെ നൽകിയിട്ടില്ല. പലയിടങ്ങളിലും നീതി മെഡിക്കൽ സ്‌റ്റോറിലൂടെയുള്ള മരുന്ന് വിതരണം നേരത്തെ മുടങ്ങിയിരുന്നു.

സൗജന്യ മരുന്നും സൗജന്യ ചികിത്സയും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടന്നുവരികയാണ്. അതിനിടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ വീണ്ടും സമരം നടത്തി വരികയാണ് (Endosulfan victims).

2017 ഏപ്രിലിൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ 1905 ദുരിത ബാധിതരെ കണ്ടെത്തിയതായി അന്നത്തെ ഉത്തരവാദിത്തപ്പെട്ട റവന്യു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നതായും എന്നാൽ അന്നത്തെ സെൽ ചെയർമാനായ മന്ത്രിയും കൺവീനറായ കലക്‌ടറും പങ്കെടുത്ത സെൽ യോഗത്തിൽ റവന്യു ഉദ്യോഗസ്ഥൻ പട്ടിക അവതരിപ്പിക്കുമ്പോൾ അത് തടയുകയും പട്ടികയിലെ എണ്ണം ചുരുക്കുകയുമായിരുന്നുവെന്ന് സമര സമിതി ഭാരവാഹികളും ദുരിതബാധിതരുടെ മാതാപിതാക്കളും പറയുന്നു. പട്ടികയിൽ 511 കുട്ടികളെ കൂടി ഉൾപ്പെടുത്തിയ ശേഷം ബാക്കി വന്ന 1032 പേരുടെ കാര്യത്തിൽ മൂന്ന് വർഷമായിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് സമരവുമായി ഇവർ രംഗത്തിറങ്ങിയത്.

ABOUT THE AUTHOR

...view details