കാസർകോട്:യുക്രൈനിൽ യുദ്ധം തുടരുമ്പോൾ ആശങ്കയോടെ കാസർകോട്ടെ കുടുംബങ്ങൾ. മെഡിക്കൽ പഠനത്തിനായി പോയ വിദ്യാർഥികളാണ് ഒഡേസ അടക്കമുള്ള സ്ഥലങ്ങളിൽ കുടുങ്ങികിടക്കുന്നത്. ഇന്‍റർനെറ്റ് സൗകര്യം കുറവായതിനാൽ പലർക്കും നാട്ടിലേക്ക് വിളിക്കാനുള്ള ബുദ്ധിമുട്ടും നേരിടുന്നുണ്ട്. വിദ്യാർഥികളുടെ രക്ഷിതാക്കൾ ഇടിവി ഭാരതുമായി ആശങ്ക പങ്കുവെച്ചു.
ആശങ്ക പങ്കുവെച്ച് രക്ഷിതാക്കൾ മകൻ ഇപ്പോൾ സുരക്ഷിതനാണെന്നും എന്നാൽ നാട്ടിൽ എത്തുന്നതുവരെ ആശങ്ക ഉണ്ടെന്നും യുക്രൈനിലെ ഒഡെസാ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കാസർകോട് ബോവിക്കാനം സ്വദേശി അൻകേതൻ എം അയ്യരുടെ രക്ഷിതാവ് ഡോ. ഗണപതി അയ്യർ ഇടിവി ഭാരതിനോട് പറഞ്ഞു. നാളത്തേക്ക് ടിക്കറ്റ് എടുത്തു വെച്ചിരുന്നതായും എന്നാൽ ഇനി എങ്ങനെ വരുമെന്ന കാര്യത്തിൽ നിശ്ചയമില്ലെന്നും ഗണപതി പറയുന്നു. അൻകേതൻ താമസിക്കുന്ന ഫ്ലാറ്റിന്‍റെ താഴെ യുക്രൈൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട് എന്നു പറഞ്ഞതായും ഗണപതി പറഞ്ഞു.
മകൻ രാവിലെ വിളിച്ചതായും ഫ്ലാറ്റ് മാറാൻ അധികൃതർ അറിയിച്ചതായി മകൻ പറഞ്ഞുവെന്നും ചട്ടൻചാലിലെ ആരോമലിന്‍റെ പിതാവ് രാമചന്ദ്രൻ പ്രതികരിച്ചു. ആരോമലും ഒഡെസാ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയാണ്. യുദ്ധസാധ്യത വർധിച്ചപ്പോൾ നാട്ടിലേക്ക് തിരിച്ചുവരാൻ വിമാന ടിക്കറ്റ് അടക്കം ബുക്ക് ചെയ്‌തവർക്ക് വിമാനത്താവളം അടച്ചതോടെ മടങ്ങാനാവാതായി. മിക്കവരും വീട്ടുകാരെ വിളിക്കുന്നുണ്ട്.
ആദൂർ പൊലീസ് എസ്‌ഐ രത്‌നാകരൻ പെരുമ്പളയുടെ മകൻ കാർത്തിക് വെള്ളിയാഴ്‌ച മടങ്ങാനിരുന്നതായിരുന്നു. കാർത്തിക് താമസിക്കുന്നയിടത്ത് പ്രശ്‌നങ്ങളൊന്നുമില്ല. സഹപാഠികളിൽ ചിലർ നേരത്തെ വിട്ടിരുന്നു. ഇന്ത്യയിലേക്ക് വിമാനം കിട്ടാൻ പ്രായസമുള്ളതിനാൽ ചിലർ ഗൾഫ് വഴിയാണ് വരുന്നത്. ഭയപ്പെടേണ്ടതില്ലെന്നും സംഘർഷാവസ്ഥ താമസിയാതെ അവസാനിക്കുമെന്നും ഇന്ത്യൻ എംബസിയിൽനിന്ന് മൊബൈൽ സന്ദേശം ലഭിച്ചതായും വിദ്യാർഥികൾ അറിയിച്ചു. കാസർകോട് നഗരസഭയിലെ ആർ ഡി നഗർ, ചട്ടഞ്ചാൽ തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളും കുടുങ്ങിക്കിടക്കുന്നവരിലുണ്ട്.
ALSO READ:രണ്ടാം ദിനവും യുക്രൈനെ വളഞ്ഞാക്രമിച്ച് റഷ്യ; കീവില്‍ തുടർ സ്ഫോടനങ്ങള്‍, രാജ്യത്ത് കൂട്ട പലായനം