കാസർകോട്:കേരള- കര്‍ണാടക അതിര്‍ത്തിയിലെ പാണത്തൂർ പരിയാരത്തെ കുത്തനെയുള്ള ഇറക്കവും കൊടും വളവും ഒരുവര്‍ഷത്തിനിടെ കവര്‍ന്നത് 11 ജീവനുകള്‍. കഴിഞ്ഞ ജനുവരിയിൽ കര്‍ണാടക പുത്തൂരില്‍ നിന്ന് കരിക്കെയിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ഏഴു ജീവനുകള്‍ പൊലിഞ്ഞിരുന്നു.
ഇന്നലെ മരം കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീടിന്‍റെ മേൽക്കൂര തകർത്തതിനു ശേഷം മറിഞ്ഞ് നാല് ലോഡിങ് തൊഴിലാളികള്‍ മരിച്ചു. ലോറി മറിഞ്ഞ് മരങ്ങൾക്ക് ഇടയിൽ കുടുങ്ങിയവരെ സാഹസികമായാണ് നാട്ടുകാർ പുറത്തെടുത്തത്. നാലു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം.
പാണത്തൂർ കുണ്ടുപ്പള്ളി സ്വദേശികളായ ബാബു എന്ന വിനോദ് ( 45 ), നാരായണൻ (60 ), കെ. എം മോഹനൻ, ( 40 ) സുന്ദര എന്ന രങ്കപ്പൂ (45 ) എന്നിവരാണ് മരിച്ചത്.
Also Read: കാസർകോട് ലോറി താഴ്‌ചയിലേക്ക് മറിഞ്ഞ് 4 മരണം; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു
ലോറി ഡ്രൈവർ പാലക്കാട് സ്വദേശി വിജയൻ, മകനും സഹായിയുമായ അനീഷ്, തൊഴിലാളികളായ വേണുഗോപാൽ, പ്രസന്നൻ എന്നിവർക്ക് സാരമായ പരിക്കുണ്ട്. ലോറിയിൽ നിന്നും ചാടിയ തൊഴിലാളി കെ. മോഹനൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിയാരത്ത് നിന്ന് മരം കയറ്റി തളിപ്പറമ്പിലേക്ക് പോകുമ്പോഴാണ് അപകടം. പരിയാരം ഇറക്കവും വളവും കഴിയുന്നതിനിടയിലാണ് ലോറി നിയന്ത്രണം വിട്ടത്.
ജനുവരിയില്‍ അപകടത്തില്‍ പെട്ടത് വിവാഹ സംഘം സഞ്ചരിച്ച ബസ്
കഴിഞ്ഞ ജനുവരിയിൽ കര്‍ണാടക പുത്തൂരില്‍ നിന്ന് കരിക്കെയിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ഏഴു ജീവനുകള്‍ പൊലിഞ്ഞിരുന്നു. ഈ സ്ഥലത്തിന് 50 മീറ്റര്‍ ദൂരം മാത്രം മാറിയാണ് ലോറി മറിഞ്ഞത്.
ഇറക്കത്തില്‍ നിയന്ത്രണം പോയ ബസ് റോഡരികിലെ കമ്മ്യൂണിറ്റി ഹാളില്‍ ഇടിച്ച ശേഷം ആള്‍ താമസമില്ലാത്ത വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അന്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് ഡ്രൈവറുടെ പരിചയകുറവും കൊടും വളവുമാണ് അപകടത്തിനു കാരണം എന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ അപകടങ്ങള്‍ തുടര്‍കഥയായിട്ടും സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.