കാസർകോട്: ലോക്ക് ഡൗൺ നാളുകളിൽ കൃഷി പരിസ്ഥിതി സൗഹൃദമാക്കാനുള്ള വഴി കണ്ടുപിടിച്ചിരിക്കുകയാണ് സുഹൃത്തുക്കളും കാസർകോട് ഉദുമ സ്വദേശികളുമായ ശശിധരനും സുകുമാരനും.
"സൗഹൃദം" പരിസ്ഥിതി സൗഹൃദമായപ്പോൾ കവുങ്ങിൻ പാള കൊണ്ട് ഗ്രോ ബാഗ് - grow bags production
മൂന്ന് മാസം മുമ്പ് അബുദാബിയില്‍ നിന്നും അവധിക്ക് നാട്ടിലെത്തി മടങ്ങാനാകാതെയിരിക്കുന്ന ശശിധരനും സുഹൃത്ത് സുകുമാരനും ചേർന്ന് കവുങ്ങിൻ പാളയിലാണ് പരീക്ഷണം നടത്തിയത്.
കടകൾ അടച്ചതോടെ കൃഷിക്കുള്ള ഗ്രോ ബാഗ് ലഭിക്കാത്ത സാഹചര്യത്തിലാണ് ശശിധരൻ- സുകുമാരൻ കൂട്ടുകെട്ട് കവുങ്ങിൻ പാളയില്‍ പരീക്ഷണം നടത്തിയത്. തോട്ടങ്ങളില്‍ ഉപേക്ഷിക്കുന്ന പാളകള്‍ ശേഖരിച്ച് തുന്നി യോജിപ്പിച്ചാണ് ബാഗുണ്ടാക്കുന്നത്. ഇതിനായി പാളയില്‍ നിന്നും കീറിയെടുക്കുന്ന വള്ളി തന്നെയാണ് ഉപയോഗിക്കുന്നത്. ഒരു വിള കൃഷിക്ക് തികച്ചും അനുയോജ്യമാണ് ഈ പ്രകൃതി സൗഹൃദ ഗ്രോബാഗ്.
മൂന്ന് മാസം മുമ്പ് അബുദാബിയില്‍ നിന്നും അവധിക്ക് നാട്ടിലെത്തി മടങ്ങാനാകാതെ ഇരിക്കുകയായിരുന്നു കണിയാന്‍ വളപ്പിൽ ശശിധരൻ. ഇതിനിടെയാണ് സുകുമാരനെയും കൂട്ടി പാളകൾ ശേഖരിക്കാൻ ആരംഭിച്ചത്. ഇരുവരും ചേർന്ന് തക്കാളി, വെണ്ട, പച്ചമുളക് തുടങ്ങിയ ഇനങ്ങൾ ഇതിനകം ഗ്രോ ബാഗിൽ വളർത്തി കഴിഞ്ഞു. കൃഷിഭവനില്‍ നിന്നും ലഭിച്ച ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന മുരിങ്ങ, കറിവേപ്പില തുടങ്ങിയവയും പ്രകൃതി സൗഹൃദ ഗ്രോബാഗില്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. വീടുകളില്‍ സ്ഥല സൗകര്യം ഇല്ലാത്തവര്‍ക്ക് ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ പാള നിർമിത ഗ്രോ ബാഗ് പ്ലാസ്റ്റിക് ശല്യം ഒഴിവാക്കാൻ സഹായിക്കും. കൃഷിക്കാലം കഴിഞ്ഞാല്‍ പാളകൾ മണ്ണില്‍ തന്നെ ലയിച്ചു ചേരും. പാളയില്‍ സദാ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ചെടിക്ക് ഏറെ ഗുണവും ചെയ്യുമെന്ന് ശശിധരനും സുകുമാരനും പറയുന്നു.