വിശാലമായ കടൽത്തീരവും പാർക്കുമുള്ള പള്ളിക്കര ബീച്ച് കാസർകോട് :സന്ധ്യ മയങ്ങിയാൽ വർണ വെളിച്ചങ്ങൾ തെളിയും. തിരയും തീരവും തീര്‍ത്ത അത്ഭുതങ്ങളും സൂര്യാസ്‌തമയ കാഴ്‌ചകളും ആസ്വദിക്കാൻ നിരവധി പേരെത്തും. രൂപത്തിലും ഭാവത്തിലും കൂടുതൽ സുന്ദരിയാകുകയാണ് പള്ളിക്കര ബീച്ച് (pallikkara beach).
ബീച്ചിലെ രാത്രികാല കാഴ്‌ചകൾ വർണാഭമാണ്. ഉല്ലാസത്തിനായി കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന കാസര്‍കോട്ടെ ബീച്ചുകളില്‍ പ്രഥമ സ്ഥാനം പള്ളിക്കര ബീച്ചിനാണ്. അവധി ദിവസങ്ങളിലടക്കം നിരവധിപ്പേരാണ് ബീച്ച് കാണാൻ എത്തുന്നത്.
പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ടയ്ക്ക് സമീപമാണ് പള്ളിക്കര ബീച്ച് എന്നതിനാൽ കോട്ട കാണാൻ എത്തുന്നവർ ബീച്ചിലും എത്തും. കാസര്‍കോട് നിന്ന് 15 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്ന് 11 കിലോമീറ്ററും ദൂരമാണ് പള്ളിക്കര ബീച്ചിലേക്കുള്ളത്. വിശാലമായ കടല്‍ത്തീരവും പാര്‍ക്കും അടങ്ങുന്നതാണ് പള്ളിക്കര ബീച്ച്.
പ്രവേശന ഫീസ് നല്‍കി പാര്‍ക്കില്‍ പോകാം. പാര്‍ക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ റൈഡുകളും നീന്തല്‍ക്കുളവും മറ്റും ഒരുക്കിയിട്ടുണ്ട്. ഒട്ടകം - കുതിര സവാരി, ആകാശത്തൊട്ടിൽ, ബോട്ട് റൈസിങ് തുടങ്ങിയവക്കും അവസരമുണ്ട്.
വൈകുന്നേരങ്ങളിലാണ് കൂടുതലാളുകള്‍ എത്തിച്ചേരുന്നത്. റെഡ്‌മൂണ്‍ ബീച്ച് (redmoon beach), ബേക്കല്‍ ഫോര്‍ട്ട് ബീച്ച് (Bekal fort beach park) എന്നുകൂടി അറിയപ്പെടുന്ന പള്ളിക്കര ബീച്ച് കാസര്‍കോട്ടെ ബീച്ച് ടൂറിസത്തിന്‍റെ അഭിമാനമാണ്. എന്നാലും കുറച്ച് സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.