കാസർകോട്: തുടർച്ചയായി രണ്ടാം തവണയും പാലക്കാട്ടെ കുട്ടികൾ കേരളത്തിന്‍റെ കലാകിരീടം സ്വന്തമാക്കി. കോരിച്ചൊരിയുന്ന മഴയത്തും ചോരാത്ത ആവേശവുമായി വിദ്യാർഥികളുടെ മുദ്രാവാക്യം വിളികൾക്കിടെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 60 -ാമത് മേള അക്ഷരാർഥത്തിൽ ജനകീയ കലാമേളയായെന്നും അടുത്ത വർഷം മുതൽ കലോത്സവം ഗ്രാമോത്സവമാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാം കൊണ്ടും വ്യത്യസ്തമായിരുന്നു കാഞ്ഞങ്ങാട്ട് നടന്ന സ്കൂൾ കലോത്സവം. മത്സരാർഥികൾക്ക് താമസിക്കാൻ വീടുകൾ ഒരുക്കിയത് മുതൽ വൈവിധ്യങ്ങൾ ഏറെയാണ് കാഞ്ഞങ്ങാട്ടുകാർ കൗമാര കേരളത്തിന് സമ്മാനിച്ചത്.
കൗമാര കേരളത്തിൻ്റെ കലാ കിരീടം പാലക്കാടിന്; ഇനി കൊല്ലത്തുകാണാം
കൗമാര കേരളത്തിൻ്റെ കലാ കിരീടം ഏറ്റുവാങ്ങി പാലക്കാട്. 60 -ാമത് സംസ്ഥാന സ്കൂൾ കലോത്സവ സമാപനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
സമാപന ചടങ്ങില്‍ മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനായിരുന്നു. ജനകീയ സംഘാടനമാണ് കലോത്സവത്തിന്‍റെ വിജയമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. നർമം നിറഞ്ഞ പ്രസംഗത്തിലൂടെ രമേഷ് പിഷാരടി തിങ്ങി നിറഞ്ഞ കാണികളെ കൈയിലെടുത്തു. നിർത്തലാക്കിയ പ്രതിഭാ തിലക പുരസ്കാരങ്ങൾ പുനസ്ഥാപിക്കണമെന്ന് നടി വിന്ദുജാ മേനോൻ ആവശ്യപ്പെട്ടു. വിജയികളായ പാലക്കാടിന് വിദ്യാഭ്യാസ മന്ത്രി സ്വർണകപ്പ് സമ്മാനിച്ചു. അടുത്ത വർഷത്തെ കലോത്സവം കൊല്ലത്ത് നടക്കുമെന്ന് പ്രഖ്യാപിച്ചാണ് കൗമാര കലാ കേരളം കാഞ്ഞങ്ങാടിനോട് വിട പറഞ്ഞത്.