കാസർകോട്: ജില്ലയിൽ ഓക്സിജന്‍ പ്ലാന്‍റിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് തുടക്കമായി. 84 ദിവസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാകും വിധത്തിലാണ് പദ്ധതി. ജില്ലാ നിര്‍മിതി കേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തില്‍ കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസ് ആണ് പ്ലാന്‍റ് സ്ഥാപിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രാണവായുവിന്‍റെ ആവശ്യകത വർധിച്ചതോടെയാണ് ജില്ലക്ക് സ്വന്തമായി ഓക്സിജന്‍ പ്ലാന്‍റ് എന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്നാണ് പൊതു മേഖലയില്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയത്.
1.87കോടി രൂപ ചിലവില്‍ ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കിലാണ് പ്ലാന്‍റ് സ്ഥാപിക്കുന്നത്. നിര്‍മാണോദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍വഹിച്ചു. മഹാമാരിയുടെ മൂന്നാം തരംഗം ആരോഗ്യവിദഗ്ധര്‍ പ്രവചിക്കുമ്പോള്‍ പ്രാണവായുവിന്‍റെ ആവശ്യകത മനസിലാക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമേഖലയില്‍ ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കുന്നത് പുതിയ കാല്‍വെപ്പും മാതൃകയുമാണെന്ന് മന്ത്രി പറഞ്ഞു.