കാസർകോട്:സപ്തഭാഷ സംഗമ ഭൂമിയില്‍ സമരങ്ങളുടെ തീക്കാറ്റ് ഏറ്റുവാങ്ങിയ സമര മരം. അതാണിപ്പോൾ മണ്ണോട് ചേർന്നത്. എന്‍ഡോസള്‍ഫാന്‍ സമരം മുതല്‍ നിരവധി രാഷ്ട്രീയ സാംസ്കാരിക സമരങ്ങള്‍ക്ക് വേദിയായ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരം ഓര്‍മയായി. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് വർഷങ്ങൾക്കു മുൻപ് നട്ട ശരത് കൊന്നയുടെ ചുവട്ടില്‍ കോടാലി വീണത്.
2011ൽ ഏപ്രില്‍ ആറിന് എൻഡോസൽഫാൻ നിരോധനം ആവശ്യപ്പെട്ട് സമരക്കാര്‍ മരത്തില്‍ കെട്ടിയ വെള്ളത്തുണിയില്‍ ഒപ്പുശേഖരിച്ചതോടെയാണ് ഒപ്പുമരമെന്ന പേര് വീണത്. പിന്നീട് ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 500 ദിവസം നീണ്ടുനിന്ന സമരം, സഫിയ എന്ന പെൺകുട്ടിയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 160 ദിവസം നീണ്ട സമരം, രണ്ടു മാസം നീണ്ട ഭെൽ ഇ.എം.എൽ ജീവനക്കാരുടെ സമരം, രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ജില്ലാ ജാഥകൾ, ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ തുടങ്ങി ചരിത്രത്തിൽ ഇടം നേടിയ സമരങ്ങൾക്കെല്ലാം ഒപ്പുമരം തണല്‍ വിരിച്ചു.
Also Read: മയക്കുമരുന്നുമായി കാസർകോട് വീണ്ടും ഒരാൾ അറസ്റ്റിൽ