കാസര്‍കോട് : ലോക വിനോദ സഞ്ചാര ദിനത്തില്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം സമയം ചെലവിട്ട് കോളജ് വിദ്യാര്‍ഥികള്‍. കേന്ദ്ര സർവകലാശാലയിലെ വിദ്യാര്‍ഥികളാണ് പരവനടുക്കത്തുള്ള ഗവണ്‍മെന്‍റ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ചേര്‍ന്ന് വിനോദ സഞ്ചാര ദിനം ആഘോഷമാക്കിയത്. ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഹാപ്പിനസ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചേര്‍ത്തണച്ച് വിദ്യാര്‍ഥികള്‍ ; കടല്‍ക്കാറ്റേറ്റ് ഹൃദയം തുറന്ന് വയോജനകേന്ദ്രത്തിലെ അന്തേവാസികള്‍ - ബേക്കല്‍ കോട്ട
ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഹാപ്പിനസ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്
ബേക്കല്‍ കടല്‍ തീരത്താണ് ഇരുസംഘവും ഒരുമിച്ച് കൂടിയത്. സാമൂഹ്യനീതി വകുപ്പ്, കേരള കേന്ദ്ര സർവകലാശാല സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്‍റ്, ചന്ദ്രഗിരി ലയൺസ് ക്ലബ്, ഡിടിപിസി, റെഡ് മൂൺ ബീച്ച് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വൃദ്ധസദനത്തിന്‍റെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ നിന്ന് പുറത്തുപോയി കാഴ്‌ചകള്‍ കാണണമെന്ന അന്തേവാസികളുടെ ആഗ്രഹമാണ് പരിപാടിയിലൂടെ സാക്ഷാത്കരിച്ചത്.
അന്തേവാസികളില്‍ ഓരോരുത്തര്‍ക്കും ഓരോ വിദ്യാര്‍ഥികളെന്ന രീതിയിലാണ് പരിപാടി നടത്തിയത്. വിദ്യാര്‍ഥികള്‍ക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്‌തും ദിവസം ആഘോഷമാക്കി. വിദ്യാര്‍ഥികള്‍ക്കും ഇത് പുതിയ അനുഭവമായി. ആടിയും പാടിയും സമയം ചെലവിട്ടതിന് ശേഷം സന്തോഷത്തോടെയാണ് അന്തേവാസികള്‍ വൃദ്ധസദനത്തിലേക്ക് മടങ്ങിയത്.