കാസര്‍കോട്: വെറ്റിനറി സബ് സെന്‍ററുകള്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള മൃഗസംരക്ഷണ വകുപ്പിന്‍റെ പുനര്‍വിന്യാസ നീക്കത്തിനെതിരെ കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. തീരുമാനം ക്ഷീര കര്‍ഷകരെ അടക്കം പ്രതികൂലമായി ബാധിക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. 24 മണിക്കൂര്‍ സേവനം നല്‍കുന്ന പോളി ക്ലിനിക്കുകള്‍ തുടങ്ങുന്നതിന്‍റെ ഭാഗമായുള്ള കരട് റിപ്പോര്‍ട്ടിലെ സൂചനകളാണ് കര്‍ഷകരെയും താഴെത്തട്ടിലെ ജീവനക്കാരെയും ആശങ്കപ്പെടുത്തുന്നത്. 64 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വകുപ്പില്‍ പുനര്‍ വിന്യാസം നടത്തുന്നത്.
വകുപ്പില്‍ നിന്നും ഏറ്റവുമധികം സേവനം ലഭിക്കേണ്ട ക്ഷീര കര്‍ഷകരെ പരിഗണിക്കാതെയുള്ളതാണ് കരട് നിര്‍ദ്ദേശങ്ങളെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. ഗ്രാമങ്ങളില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ 1341 വെറ്ററിനറി സബ് സെന്‍ററുകളെയാണ് വിവിധ പ്രാഥമിക സേവനങ്ങള്‍ക്കായി കര്‍ഷകര്‍ ആശ്രയിച്ചുവരുന്നത്. പുനര്‍വിന്യാസത്തിന്‍റെ ഭാഗമായി 38 ഓളം സബ് സെന്‍ററുകള്‍ നിര്‍ത്തലാക്കി ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരെയടക്കം മാറ്റുന്നത് അതത് പ്രദേശങ്ങളിലെ ക്ഷീര കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ക്ക് സേവനം ലഭ്യമാകുന്നതിന് തടസമാകും.