കാസർകോട്: നിരവധി മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ. വട്ടിയൂകാവ് സ്വദേശിയായ ബാഹുലേയനെയാണ് (58) പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വെള്ളരിക്കുണ്ട് സ്‌റ്റേഷൻ പരിധിയിൽ രജിസ്‌റ്റർ ചെയ്‌ത കവർച്ച കേസുകളുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
മോഷണം പല പേരുകളില്‍: ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ബാഹുലേയനെതിരെ സംസ്ഥാനത്തുടനീളം 30 മോഷണ കേസുകൾ നിലവിലുണ്ട്. കല്യാണരാമൻ, ദാസ്, ബാബു, സുന്ദരൻ, രാജൻ, വിജയൻ എന്നിങ്ങനെ പല പേരുകളിൽ ആയിരുന്നു മോഷണം.
വെള്ളരിക്കുണ്ട് എസ് ഐ വിജയകുമാർ നടത്തിയ അന്വേഷണത്തിലാണ് ബാഹുലേയൻ പിടിയിലായത്. വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മങ്കയത്തു താമസിക്കുന്ന ജോളി ജോസഫിന്‍റെ വീട്ടിൽ നിന്നും ജനുവരി 11ന് രാത്രിയിൽ നടന്ന മോഷണം, കല്ലംചിറയിലെ നാസറിന്‍റെ വീട്ടിൽ നടന്ന മോഷണം, പാത്തിക്കരയിൽ മധുസൂദനന്‍റെ മലഞ്ചരക്ക് കടയിൽ നടന്ന മോഷണം നെല്ലിയറയിൽ താമസിക്കുന്ന അബൂബക്കർ എന്നയാളുടെ വീട്ടിൽ നടന്ന ഷീറ്റ് മോഷണം എന്നിവ നടത്തിയത് ബാഹുലേയൻ തന്നെയാണെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ എസ് ഐ വിജയകുമാറിനെ കൂടാതെ വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ഭാസ്‌കരൻ നായരും ഉണ്ടായിരുന്നു.
ഹോസ്‌ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കാഞ്ഞങ്ങാട് ഡി വൈഎസ് പി ബാലകൃഷ്‌ണൻ നായർ അറിയിച്ചു.
അടച്ചിട്ട വീട്ടില്‍ കവര്‍ച്ച:കഴിഞ്ഞയാഴ്‌ച കാസര്‍കോട് ബദിയഡുക്കയില്‍ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. പള്ളത്തടുക്ക നിഷ മന്‍സിലില്‍ അബ്‌ദുല്‍ റസാഖിന്‍റെ വീട്ടിലായിരുന്നു സംഭവം. 30 പവന്‍ സ്വര്‍ണാഭരണങ്ങളും 6,500 രൂപയുമാണ് നഷ്‌ടമായത്.