കാസർകോട്: "പുഴ കടന്നു വേണം സ്കൂളിൽ എത്താൻ. യൂണിഫോം മുഴുവൻ നനയും, ബാഗിലും പുസ്തകത്തിലും ചണ്ട(ചെളി )യാകും. നനഞ്ഞു ക്ലാസിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്" ,..കളരി എടനീർ സ്കൂളിലെ വിദ്യാർഥികളായ ആർഷ്യയുടെയും ദേവികയുടെയും വാക്കുകളാണിത് .... തൊട്ടടുത്ത് സ്‌കൂളുണ്ട്, പക്ഷെ സ്കൂളിൽ എത്തണമെങ്കിൽ ഒന്നുകിൽ പുഴ കടക്കണം. അല്ലെങ്കിൽ ആറു കിലോമിറ്റർ ചുറ്റി നടക്കണം. ഇതാണ് കന്നിക്കുണ്ട്, തട്ടാമൂല, ചാപ്പാടി, കൊല്ലങ്കോട്ടുമൂല പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ അവസ്ഥ.
വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്തിലാണ് കളരി എടനീർ സ്കൂൾ. ഈ പ്രദേശത്തെ 20ഓളം കുട്ടികൾ പഠിക്കുന്നത് ഈ സ്കൂളിലാണ്. സ്കൂൾ തുറന്നതോടെ കുട്ടികളെ രക്ഷിതാക്കൾ പുഴ മുറിച്ചു കടത്തിയാണ് സ്കൂളിൽ അയക്കുന്നത്. തിരിച്ചു വരുന്ന സമയത്തും രക്ഷിതാക്കൾ പുഴകടത്തണം. മഴ ശക്തമായാൽ പുഴയിൽ വെള്ളം കയറും. ഇതോടെ 500 മീറ്റർ അടുത്തുള്ള സ്‌കൂളിലെത്താൻ ഏഴുകിലോമീറ്റർ ചുറ്റണം. വണ്ടിയിൽ പോകണമെങ്കിൽ അത് പത്തു കിലോമീറ്ററാകും. കുട്ടികളെ പുഴ മുറിച്ചു കടത്തേണ്ടതിനാൽ രക്ഷിതാക്കൾക്ക് ജോലിക്കും പോകാൻ പറ്റുന്നില്ല.
പാലം വേണെമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം
അപകടം ഭയന്നു പല കുട്ടികളെയും മറ്റു സ്കൂളുകളിലേക്ക് മാറ്റിചേർക്കാൻ നിർബന്ധിതരായിരിക്കുകയാണ് പല രക്ഷിതാക്കളും. പുഴക്ക് കുറുകെ പാലം വേണെമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം നടപ്പായില്ല. കന്നിക്കുണ്ടിൽനിന്നും കളരിയിലേക്ക് കടക്കുന്ന ഭാഗത്ത് മധുവാഹിനി പുഴയ്‌ക്ക് കുറുകെ തടയണയോടെയുള്ള പാലം നിർമിക്കണമെന്നായിരുന്നു ആവശ്യം. ഏഴുവർഷം മുമ്പ് നടപടികൾ ആരംഭിച്ചെങ്കിലും ഇത്രയും വർഷമായിട്ടും ഒന്നും നടന്നില്ല.