കാസർകോട് : ജീവിതം അവസാനിപ്പിക്കാൻ റെയിൽവേ ട്രാക്കിലേക്ക് രണ്ട് മക്കളേയും എടുത്ത് നടന്ന യുവതി. ഇരച്ചെത്തുന്ന ട്രെയിനിന് മുന്നിൽ മരണഭയത്തോടെ അവർ കൈക്കുഞ്ഞിനെ മാറോടും മൂത്ത കുട്ടിയെ വലം കൈയിലും ചേർത്ത് പിടിച്ച് റെയിൽവേ ട്രാക്കിൽ ഇരുന്നു. കുതിച്ച് പാഞ്ഞെത്തിയ ട്രെയിൻ അവർക്ക് തൊട്ടരികിലെ ട്രാക്കിലൂടെ കടന്നുപോയി. അടുത്ത ട്രെയിനിനായി കാത്തുനിന്ന അവർക്ക് മുന്നിലേക്ക് എത്തിയത് നീലേശ്വരം പൊലീസായിരുന്നു. മരണമുഖത്ത് നിന്ന ആ യുവതിയെയും കുഞ്ഞുങ്ങളെയും പൊലീസ് ആശ്വസിപ്പിച്ചു, അമ്മയേയും കുഞ്ഞുങ്ങളെയും കൂട്ടി പൊലീസ് തിരികെ നടന്നത് തികഞ്ഞ ആത്മസംതൃപ്‌തിയോടെയാണ്.
കുടുംബ പ്രശ്‌നത്തെ തുടർന്ന് പിഞ്ചുമക്കളെയും എടുത്ത് രാത്രി വീടുവിട്ടതായിരുന്നു യുവതി. ഉടൻ പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരു യുവതിയെയും രണ്ട് കുട്ടികളെയും കാണാനില്ലെന്ന വിവരം ലഭിച്ചു. ഒരു നിമിഷം പഴാക്കാതെ പൊലീസ് കൺട്രോൾ റൂമിൽ നിന്നും മെസേജുകൾ കൈമാറി. നീലേശ്വരം പൊലീസ് (Nileshwaram Police) സ്റ്റേഷനിലും സന്ദേശമെത്തി.
രാത്രിയിൽ ഒട്ടോറിക്ഷയിൽ രണ്ട് കുട്ടികളോടൊപ്പം പേരോലിൽ യുവതി ഇറങ്ങിയതായി സ്റ്റേഷൻ ജിഡി ചാർജിന് വിവരം കിട്ടി. അതിന്‍റെ അടിസ്ഥാനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്‌ടർ വിശാഖ് , വിനോദ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ആനന്ദ കൃഷ്‌ണൻ, അജിത്ത് കുമാർ ജയേഷ്, ഹോംഗാർഡ് പ്രവീൺ എന്നവർ ചേർന്ന് തെരച്ചിൽ ആരംഭിച്ചു.
പരിശോധനയുടെ ഭാഗമായി പേരോലിലും നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ഇവർ പരിശോധനക്കായി എത്തി. സ്റ്റേഷൻ മാസ്റ്ററോട് രണ്ട് കുട്ടികളുമായി ഒരു സ്ത്രീ എത്തിയിരുന്നോ എന്ന് തിരക്കിയെങ്കിലും ഇവിടെ അങ്ങനെ ആരും എത്തിയില്ലെന്ന മറുപടി കിട്ടി. തിരികെ പോരാതെ പരിസര പ്രദേശങ്ങളിലും റെയിൽവേ ട്രാക്കിലും കൂടി അന്വേഷിക്കാമെന്ന തീരുമാനത്തിൽ പൊലീസ് എത്തി.