കാസര്‍കോട്: സ്‌കൂളിന് കളിക്കളം (Playground) ഇല്ലെന്ന പരാതിയുമായി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി വിദ്യാർത്ഥിനികൾ (Nellikunnu GHSS Students Requested Playground to Education Minister). കാസര്‍കോട് നെല്ലിക്കുന്ന് ഗവ. വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്‌കൂൾ വിദ്യാർത്ഥിനികളാണ് സ്‌കൂളിൽ കളിക്കളം അനുവദിയ്ക്കണമെന്ന ആവശ്യവുമായി മന്ത്രി വി ശിവൻകുട്ടിക്ക് (V Sivankutty) മുന്നിലെത്തിയത്. നവകേരള സദസിന് (Navakerala Sadass) എത്തിയപ്പോഴാണ് കുട്ടികൾ വേദിയിലെത്തി മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയത്.
അമ്പതു വര്‍ഷത്തെ പഴക്കമുണ്ട് നെല്ലിക്കുന്ന് ജി.എച്.എസ്.എസിന്. കുട്ടികളുടെ മാനസീക- ശാരീരിക ആരോഗ്യത്തിന് പഠനത്തോടൊപ്പം കായിക വിനോദങ്ങളും അത്യാവശ്യമാണെന്ന് പറയുമ്പോഴും ഈ സ്‌കൂളില്‍ ഒരു കളി സ്ഥലമില്ല. എട്ടു മുതല്‍ പ്ലസ്‌ടു വരെ 640 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. സ്‌കൂളിന് മുന്നിലെ ചെറിയ മുറ്റം മാത്രമാണ് ഇവരുടെ കളിസ്ഥലം. അല്ലെങ്കില്‍ ഒന്നര കിലോ മീറ്റര്‍ നടന്ന് മറ്റൊരു ഗ്രൗണ്ടില്‍ എത്തണം. സ്‌കൂളിലെ കായിക മത്സരങ്ങള്‍ നടക്കുന്നത് അവിടെയാണ്.
നല്ല ഒരു കളിസ്ഥലം ഇല്ലാത്തതുകൊണ്ടു തന്നെ കായിക മത്‌സരങ്ങളില്‍ ഇവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. കായിക അദ്ധ്യാപകന്‍ ഉണ്ടെങ്കിലും തങ്ങള്‍ക്ക് കളിസ്ഥലം ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്‌കൂളും പരിമിതമായ സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കളിക്കളം ഒരുക്കാന്‍ സമീപത്തെ സ്ഥലത്തിനായി സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.