കാസർകോട്; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ആധികാരിക ജയവുമായി യുഡിഎഫ് കളം നിറഞ്ഞപ്പോൾ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തതിന്‍റെ കാരണം തേടുകയാണ് എല്‍ഡിഎഫും എൻഡിഎയും. പഞ്ചായത്തുകൾ തിരിച്ചുള്ള കണക്കുകളില്‍ വോട്ടുചോർച്ച സംഭവിച്ചില്ലെങ്കിലും പ്രചാരണത്തില്‍ ലഭിച്ച മുൻതൂക്കം വോട്ടായി മാറാത്തതിന്‍റെ ക്ഷീണത്തിലാണ് ഇരു മുന്നണികളും.
സ്ഥാനാര്‍ഥി നിര്‍ണയ സമയത്തുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ചു നിന്നാണ് മുസ്ലീലീഗിലെ എംസി ഖമറുദ്ദീന്‍റെ വിജയം സാധ്യമാക്കിയത്. പ്രാദേശിക ഭാഷാ വാദങ്ങള്‍ വെല്ലുവിളിയാകുമോ എന്ന ആശങ്ക ശക്തമായ പ്രചാരണത്തിലൂടെ മറികടക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു.
മഞ്ചേശ്വരത്ത് പ്രതീക്ഷ തെറ്റി എൻഡിഎയും എല്‍ഡിഎഫും - Manjeswaram byelection latest news
വിശ്വാസിയും തുളുനാട്ടുകാരനുമായ ശങ്കര്‍ റൈയെ സ്ഥാനാര്‍ഥിയാക്കി ബിജെപി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താമെന്നാണ് ഇടതുമുന്നണി കരുതിയത്. എന്നാല്‍ മുപ്പതിനായിരത്തിലേറെ വോട്ടര്‍മാരുള്ള ബണ്ട്‌സ് വിഭാഗക്കാരനായ ശങ്കര്‍റൈയെ സ്വന്തം സമുദായം പോലും തുണച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാല് പഞ്ചായത്തുകളില്‍ യുഡിഎഫും, മൂന്ന് പഞ്ചായത്തുകളില്‍ എന്‍.ഡി.എയും ലീഡ് ചെയ്തപ്പോള്‍ ഉറച്ച കോട്ടയായ പുത്തിഗെ മാത്രം ഇടതിനെ കൈവിടാതെ നിന്നു.
കാലങ്ങളോളം ഇടതുമുന്നണിക്കൊപ്പം നിലനിന്ന വോര്‍ക്കാടി പഞ്ചായത്ത് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് മുതല്‍ വലത്തോട്ട് ചായുകയാണെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. ഉപതെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ടുവിഹിതം നേടി യു.ഡി.എഫ് ആണ് ഒന്നാമത്. എന്‍.ഡി.എ 37 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ 22 ശതമാനം വോട്ടുകളുമായി ഇടതുമുന്നണി മൂന്നാമതായി. പരമ്പരാഗതമായി യുഡിഎഫിനെ തുണക്കുന്ന മംഗല്‍പ്പാടി, മഞ്ചേശ്വരം, കുമ്പള പഞ്ചായത്തുകളില്‍ ഇത്തവണയും മാറ്റമുണ്ടായില്ല. 50 ശതമാനത്തിനടുത്ത് വോട്ടുവിഹിതം മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫിനുണ്ട്. കുമ്പളയില്‍ 48 ശതമാനം വോട്ട് യുഡിഎഫും, 30 ശതമാനം എന്‍.ഡി.എയും 20 ശതമാനം വോട്ടുകള്‍ ഇടതുമുന്നണിയും നേടി. മംഗല്‍പ്പാടിയില്‍ 55 ശതമാനം വോട്ടു വിഹിതവുമായി യുഡിഎഫ് ബഹുദൂരം മുന്നിലാണ്. എന്‍.ഡി.എക്ക് 29 ഉം, എല്‍.ഡി.എഫിന് 14 ശതമാനവും വോട്ടുവിഹിതമാണ് ലഭിച്ചത്. മീഞ്ച, പൈവളിഗെ, എണ്‍മകജെ പഞ്ചായത്തുകളിലെ മേല്‍ക്കൈ ഉപതെരഞ്ഞെടുപ്പിലും എന്‍.ഡി.എ നിലനിര്‍ത്തി. മൂന്നിടങ്ങളിലും ശരാശരി 45 ശതമാനത്തിനടുത്ത് വോട്ടുകള്‍ എന്‍.ഡി.എയുടെ പെട്ടിയില്‍ വീണു. മീഞ്ചയില്‍ എന്‍.ഡി.എ 42ശതമാനം, യുഡിഎഫ് 35 ശതമാനം, എല്‍.ഡി.എഫ് 20 ശതമാനം എന്നിങ്ങനെയാണ് വോട്ടുവിഹിതം. പൈവളിഗെയില്‍ 40ശതമാനം വോട്ടുകള്‍ എന്‍.ഡി.എയും 34 ശതമാനം യുഡിഎഫും, 24 ശതമാനം എല്‍.ഡി.എഫും നേടി. എണ്‍മകജെയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് എന്‍.ഡി.എ മുന്നേറിയത്. 48 ശതമാനം വോട്ടുകള്‍ എന്‍.ഡി.എക്ക് അനുകൂലമായി പോള്‍ ചെയ്തു. 27 ശതമാനം ഇടതുമുന്നണിയും 24 ശതമാനം യുഡിഎഫും നേടി. എന്നും ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിന്ന പുത്തിഗെ പഞ്ചായത്ത് മാത്രം മാറ്റമില്ലാതെ തുടര്‍ന്നു. 36 ശതമാനം വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായപ്പോള്‍ 30ശതമാനം വോട്ടുകള്‍ യുഡിഎഫും, 33 ശതമാനം വോട്ടുകള്‍ എന്‍.ഡി.എയും പെട്ടിയിലാക്കി.