കാസർകോട് :നവകേരള സദസിന്‍റെ ഭാഗമായി ലഭിച്ച മുഴുവന്‍ അപേക്ഷകളും (ഡിസംബര്‍ 22) വെള്ളിയാഴ്ച്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍. വിവിധ വകുപ്പുകള്‍ക്ക് ലഭിച്ച അപേക്ഷകളില്‍ ജില്ലയില്‍ നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട അപേക്ഷകള്‍, അവയുടെ സാധ്യതാ പഠനങ്ങള്‍ അതാത് വകുപ്പുകള്‍ തന്നെ നടത്തിയ ശേഷം ജില്ലാതലത്തില്‍ ഏകീകരിച്ച് കളക്‌ടറെ ഏല്‍പ്പിക്കണം(Nava Kerala Sadas Applications Should Be Settled As Soon As Possible Kasarkode Collector).
കാസര്‍കോട് വികസന പാക്കേജ്, എം.എല്‍.എ ഫണ്ട് എന്നിവയിലുള്‍പ്പെടുത്തിയോ ജില്ലാപഞ്ചായത്തും തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്നോ മികച്ച പദ്ധതികള്‍ നടപ്പിലാക്കാമെന്നും കളക്ടര്‍ പറഞ്ഞു. അപേക്ഷകള്‍ തീര്‍പ്പാക്കുമ്പോള്‍ അപേക്ഷകന് ഗുണകരമായ വിധത്തിലുള്ള മറുപടികള്‍ നല്‍കണമെന്നും വകുപ്പിന് തീര്‍പ്പാക്കാന്‍ സാധിക്കാത്ത വിവരങ്ങള്‍ നല്‍കുമ്പോള്‍ സേവനം ലഭിക്കുന്ന വകുപ്പ് കൂടി അറിയിച്ചുകൊണ്ടുള്ള മറുപടികളാണ് അപേക്ഷകന് നല്‍കേണ്ടതെന്നും കളക്ടര്‍ നിർദേശിച്ചു.
അപേക്ഷകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി അവലോകനം ചെയ്യാന്‍ ഡിസംബര്‍ 23ന് കളക്ടറുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും. നവകേരള സദസ് വിവിധവകുപ്പുകളുടെ ഫയല്‍ തീര്‍പ്പാക്കാല്‍ സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി കളക്ടര്‍ വിലയിരുത്തി.