കാസര്‍കോട് ജില്ലയില്‍ ദേശീയപാതാ വികസനം കുതിക്കുന്നു കാസർകോട് : ജില്ലയിൽ ദേശീയ പാതാവികസനം അതിവേഗം പുരോഗമിക്കുന്നു (National highway development is progressing rapidly in Kasaragod). കേരള അതിർത്തിയായ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാതാ വികസനത്തിലെ ആദ്യ റീച്ചായ നാൽപ്പത്തിരണ്ട് കിലോ മീറ്ററിലെ നിർമാണം അന്തിമ ഘട്ടത്തിലാണ്. തലപ്പാടി മുതൽ ചെങ്കള വരെയുള്ള ആദ്യ റീച്ചിന്‍റെ വികസനം അറുപതുശതമാനത്തിലധികം പൂർത്തിയായി.
സംസ്ഥാനത്ത് ആദ്യമായി ഒരു റീച്ചിൽ പകുതി പണി പൂർത്തിയായി വാഹനങ്ങൾ കുതിച്ചുതുടങ്ങിയത് സ്വപ്‌ന തുല്യ കാഴ്‌ചയാണ്.
ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഒറ്റത്തൂണ്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതും ഈ പാതയിലാണ്. കേരളത്തില്‍ തലപ്പാടി തൊട്ട് തിരുവനന്തപുരം വരെയുള്ള ആറുവരിപ്പാതയില്‍ ഇത്തരത്തിലൊരു പാലം കാസര്‍കോടിന് മാത്രം സ്വന്തമാണ് (National Highway Development Kasaragod).
27 മീറ്ററാണ് പാലത്തിന്‍റെ വീതി. ഇരുഭാഗത്തും കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ത്തിയാണ് സാധാരണ ഗതിയില്‍ പാലങ്ങള്‍ നിര്‍മിക്കാറുള്ളത്. എന്നാല്‍ ഇതിന് മധ്യത്തില്‍ ഒറ്റത്തൂണ്‍ മാത്രമുള്ളതാണ് പ്രത്യേകത. മനുഷ്യന്‍റെ നട്ടെല്ലും ചുമലും എന്നാണ് ഇത്തരം നിര്‍മാണരീതിയെ വിശേഷിപ്പിക്കുന്നത്.
അഞ്ച് വലിയ പാലങ്ങളും നാല് ചെറുപാലങ്ങളും കാസർകോട് ടൗണിലടക്കം രണ്ട് മേൽപ്പാലങ്ങളും ഈ റീച്ചിലുണ്ട്. ഇതിൽ മഞ്ചേശ്വരം പാലത്തിന്‍റെ പണി പൂർത്തിയായി. 1.130 കിലോമീറ്ററുള്ള കാസർകോട് മേൽപ്പാലത്തിന്‍റെ പണി 50 ശതമാനമാണ് തീർന്നത്. അതേസമയം ദേശീയപാതാ വികസനം രണ്ടാം റീച്ചും പുരോഗമിക്കുന്നുണ്ട്.
രണ്ടാം റീച്ചിലെ മെല്ലെപ്പോക്ക് സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. ചെങ്കള മുതൽ നീലേശ്വരം വരെ 37 കിലോ മീറ്ററിൽ പൂർത്തിയായത് 42 ശതമാനം നിർമാണം മാത്രമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.
പിന്നാലെ പ്രവൃത്തിയുടെ വേഗത കൂട്ടിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ കൺസ്ട്രക്ഷന്‍സ് എന്ന കമ്പനിക്കാണ് രണ്ടാം റീച്ചിന്‍റെ നിർമാണ ചുമതല. 2024 മെയ് മാസത്തിനുള്ളിൽ ജില്ലയിലെ ദേശീയപാത നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നാണ് സർക്കാരും ദേശീയപാത അതോറിറ്റിയും പ്രഖ്യാപിച്ചത്.
രണ്ടാം വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് : കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് സെപ്‌റ്റംബര്‍ 24 ന് കാസർകോട് റെയിൽവേ സ്റ്റേഷനിലാണ് നടന്നത്. കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ഉൾപ്പടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിക്കപ്പെട്ട ഒന്‍പത് വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിച്ചത്. ചടങ്ങുമായി ബന്ധപ്പെട്ട് കാസര്‍കോട് റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററി സഹമന്ത്രി വി മുരളീധരൻ പങ്കെടുത്തു.
ആഴ്‌ചയിൽ ആറ് ദിവസമാണ് രണ്ടാം വന്ദേഭാരതിന്‍റെ സർവീസ്. രാവിലെ ഏഴ് മണിയോടെ കാസർകോട് നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ വൈകുന്നേരം 3.05 ഓടെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05-ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.58-ന് കാസർകോടെത്തും.
ALSO READ:തിരുവനന്തപുരത്തുനിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുമായി ഒമാന്‍ എയര്‍
ആലപ്പുഴ വഴി സർവീസ് നടത്തുന്ന ട്രെയിനിന് തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാമത്തെ വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. എട്ട് മണിക്കൂറാണ് കാസർകോട്-തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സർവീസിന്‍റെ യാത്രാസമയം.