കാസർകോട് :മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് രഞ്ജിത്ത് സംവിധാനം ചെയ്ത 'നന്ദനം'. 2002ലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇരുപത് വർഷത്തിന് ഇപ്പുറവും അതിലെ ഓരോ കഥാപാത്രങ്ങളും രംഗങ്ങളും പ്രേക്ഷകര്‍ക്ക് കാണാപ്പാഠമാണ്.
ഇപ്പോഴിതാ ഈ സിനിമയുടെ പുനരാവിഷ്കാരമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരുകൂട്ടം സിനിമ പ്രേമികൾ ഒരുക്കിയ പുനരവതരണത്തില്‍ കുട്ടിത്താരങ്ങള്‍ തകര്‍ത്ത് അഭിനയിച്ചിരിക്കുകയാണ്. ഒറിജിനലിനെ വെല്ലുന്ന കുട്ടി മനുവിനെയും ബാലാമണിയെയുമെല്ലാം ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
അഖിൽ മാടായി സംവിധാനം ചെയ്ത പുനരാവിഷ്കാരം മൂന്ന് ദിവസം കൊണ്ട് ഇരുപത് ലക്ഷം പേരാണ് കണ്ടത്. പൃഥ്വിരാജിന്റെയും നവ്യ നായരുടെയും പിറന്നാളിന് മുന്നോടിയായിട്ടാണ് നന്ദനം റീക്രിയേഷൻ ഒരുക്കിയതെന്ന് അണിയറപ്രവർത്തകർ പറയുന്നു. ബിജു ഡി ഫ്രെയിം യഥാർഥ സിനിമയുടെ പശ്ചാത്തലങ്ങൾ ഒട്ടും ചോർന്നുപോകാതെ ദൃശ്യങ്ങൾ പകർത്തി.