കാസർകോട്:കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൊലപാതകത്തിൽ ഒന്നാം പ്രതി യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ് കുറ്റം സമ്മതിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിയത് ഇർഷാദ് മൊഴി നല്‍കി . കസ്റ്റഡിയിലെടുത്ത ഇസഹാക്കിന് കൃത്യത്തിൽ പങ്കില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇസഹാക്കിനെ മാപ്പുസാക്ഷിയാക്കാനാണ് സാധ്യത. കൊലപാതകവുമായി ബന്ധപ്പെട്ട് ഇസഹാക്, എം.എസ് എഫ് മുനിസിപ്പൽ സെക്രട്ടറി ഹസൻ, കല്ലൂരാവി സ്വദേശിയും യൂത്ത് ലീഗ് പ്രവർത്തകനായ ഹാഷിർ എന്നിവരുൾപ്പടെ നാലുപേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്.
ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം; ഒന്നാം പ്രതി ഇർഷാദ് കുറ്റം സമ്മതിച്ചു - kanjangadu murder
ഇസഹാക്, എം.എസ് എഫ് മുനിസിപ്പൽ സെക്രട്ടറി ഹസൻ, കല്ലൂരാവി സ്വദേശിയും യൂത്ത് ലീഗ് പ്രവർത്തകനായ ഹാഷിർ എന്നിവരുൾപ്പെടെ ഇതുവരെ നാല് പേർ അറസ്റ്റിലായി
മൂന്നംഗ അക്രമി സംഘമെന്ന നിഗമനത്തിൽ അന്വേഷണം തുടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് നാലാമനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതും ഹാഷിർ കസ്റ്റഡിയിൽ ആകുന്നതും. ആദ്യം കസ്റ്റഡിയിലെടുത്ത ഇസഹാക്കിനെ ചോദ്യം ചെയ്‌തതിൽ നിന്നും അബ്‌ദുൽ റഹ്‌മാനെ കുത്തിയത് ഇർഷാദാണെന്ന് മൊഴി ലഭിച്ചിരുന്നു. തുടർന്ന് മംഗലപുരത്തെ ആശുപത്രിയിൽ കഴിയുന്ന ഇർഷാദിനെ ഇന്ന് രാവിലെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീടാണ് ഹസനെയും ഇസഹാക്കിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹാഷിറിനെയും പിടികൂടുന്നത്.
ഹൃദയധമനിയിൽ കുത്തേറ്റതാണ് അബ്‌ദുൽ റഹ്‌മാന്‍റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരം. വേഗത്തിൽ രക്തം വാർന്നത് മരണം കാരണമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്‌ച രാത്രി പത്ത് മണിയോടെ മുണ്ടത്തോട് ബാവ നഗർ റോഡിലുണ്ടായ സംഘർഷത്തിലാണ് ഔഫ് അബ്‌ദു റഹ്‌മാൻ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലൂരാവിയിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഈ സംഭവമെന്നാണ് പൊലീസ് നിഗമനം. വിലാപയാത്രയെ തുടർന്ന് ഇന്നലെ രാത്രി കല്ലൂരാവിയിലും പരിസരങ്ങളിലും ലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.