കാസർകോട്: സംസ്ഥാനത്ത് കുരങ്ങ് പനി റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ നടപടികൾ ശക്തമാക്കി സംസ്ഥാന സർക്കാർ. കുരങ്ങ് പനി ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്ത കാസർകോട് കുറുക്കുട്ടി പൊയിലില്‍ ബോധവത്കരണ യോഗം സംഘടിപ്പിക്കാൻ തീരുമാനം.
കുരങ്ങ് പനി; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിലും അയല്‍ സംസ്ഥാനത്തിലും കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും കാസര്‍കോടിന്‍റെ മലയോര മേഖലയുടെ ചില ഭാഗങ്ങളിലും കുരങ്ങുകള്‍ മരിച്ച നിലയില്‍ കണ്ടതിനെ തുടർന്നാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ അധ്യക്ഷതയില്‍ കാസർകോട് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലയോരത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, വനം വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. കുരങ്ങുകളെ മരിച്ച നിലയില്‍ കണ്ടാല്‍, സമീപത്തേക്ക് പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
കുരങ്ങിന്‍റെ ശരീരത്തില്‍ നിന്നും വൈറസ് ബാധിച്ച ചെള്ള് 100 മീറ്റര്‍ ചുറ്റളവിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍, മരിച്ച കുരങ്ങിനെ അടക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ സഹായം തേടണം. വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍, വളര്‍ത്തു മൃഗങ്ങളെ കാട്ടിലേക്ക് അയക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.