കാസർകോട് : മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉടമസ്ഥന് പൊള്ളലേറ്റു. കാസർകോട് പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്. വീട്ടില്‍ വെച്ച് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഫോൺ ചെയ്യുന്നതിനിടെ കയ്യിരുന്ന് ചൂടായ ഉടൻ താഴെ വീണിരുന്നു. രവീന്ദ്രന്‍റെ കയ്യിലാണ് പരിക്കേറ്റത്. എന്നാൽ പരിക്ക് സാരമുള്ളതല്ല. ഫോൺ താഴെ വീണതുകൊണ്ടാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്.
പൊട്ടിത്തെറിക്കുന്ന മൊബൈൽ ഫോണുകൾ: മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ അടുത്തിടെയായി വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ചാർജ് ചെയ്യുന്നതിനിടെയാണ് മൊബൈൽ ഫോൺ മുമ്പ് പൊട്ടിത്തെറിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആളുകളുടെ പോക്കറ്റിൽ കിടന്നും ഫോൺ പൊട്ടിത്തെറിക്കുന്നുണ്ട്.
തൃശ്ശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്‍റെ (76) പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് അടുത്തിടെയാണ്. ചായക്കടയിൽ ഇരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചത്. ബനിയൻ ധരിച്ചതിനാൽ ശരീരത്തിൽ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. പാന്‍റ്‌സിന്‍റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോട് ജില്ലയില്‍ യുവാവിന് പൊള്ളലേറ്റിരുന്നു. റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് റഹ്മാനാണ് പരിക്കേറ്റത്.
മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ച് മരണവും:മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചിരുന്നു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്‍റെ മകള്‍ ആദിത്യശ്രീയാണ് അപകടത്തില്‍ മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിരുന്നു ആദിത്യശ്രീ. രാത്രിയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.