മന്ത്രിക്ക് കത്ത് നല്‍കിയ കുട്ടികളുടെ കഥ കാസർകോട്: ആ കത്തിലെ വരികൾ ഇങ്ങനെ ആയിരുന്നു. " സാർ, ഞാൻ പത്താം ക്ലാസിൽ പഠിക്കുന്നു. എന്‍റെ അനുജത്തി മൂന്നിലും. എനിക്ക് പഠിക്കാൻ ആവശ്യമായ ഉപകരണങ്ങൾ വീട്ടിലില്ല. അച്ഛൻ കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. അതുകൊണ്ട് സൗകര്യങ്ങളൊന്നുമില്ല. ഞങ്ങളെയൊന്ന് സഹായിക്കാമോ" …
ജൂലൈ 25 ന് കാസർകോട് ജില്ലയിലെ ഭീമനടിയിൽ നിർമിച്ച വെസ്റ്റ് എളേരി സഹകരണ ബാങ്കിന്‍റെ അഗ്രി കോംപ്ലക്‌സ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി വിഎൻ വാസവന് ഇങ്ങനെയൊരു കത്ത് കിട്ടിയത്. കുഞ്ഞു കൈകൾ നീട്ടി ഒൻപതു വയസുകാരി നല്‍കിയ ആ കത്ത് വാങ്ങിയ മന്ത്രി ശരിയാക്കാമെന്ന് പറഞ്ഞ് കാറില്‍ കയറി പോയി. പത്താംക്ലാസില്‍ പഠിക്കുന്ന ധീരജാണ് കത്തെഴുതിയത്, മന്ത്രിക്ക് കത്ത് കൈമാറിയത് അനുജത്തി ധനുഷയും. അടുത്ത ദിവസം സ്‌കൂൾ വിട്ടുവന്ന കുട്ടികൾ ശരിക്കും അമ്പരന്നു. പഠിക്കാൻ ആവശ്യമായ മേശയും കസേരയും വീട്ടുമുറ്റത്ത്. സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞു..
കാസർകോട് കുറഞ്ചേരിയിലെ മനയംകോട്ട് രാജേഷിന്‍റെയും ധന്യയുടെയും മക്കളാണ് ധീരജും ധനുഷയും. മന്ത്രി ഉദ്ഘാടനത്തിന് എത്തുന്നതറിഞ്ഞ്, നിയമസഭ കാണാൻ അവസരം ഒരുക്കിത്തരണമെന്ന അപേക്ഷയുമായെത്തിയ കുട്ടികൾക്കൊപ്പമാണ് ഇവരും എത്തിയത്.
ഇനി പഠനത്തിനുള്ള മേശയും കസേരയും വന്നത് എങ്ങനെയെന്ന് കൂടി അറിയണ്ടേ... ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി വാസവൻ തിരികെ പോകുന്നതിനിടെ കുട്ടികൾ നല്‍കിയ കത്ത് വായിച്ചു. ഉടൻ തന്നെ വെസ്റ്റ് എളേരി സഹകരണ ബാങ്ക് പ്രസിഡന്‍റ് സാബു അബ്രഹാമിനെ വിളിച്ച് കുട്ടികൾക്ക് ആവശ്യമായ സഹായം ചെയ്യാൻ പറഞ്ഞു. സ്വന്തം ശമ്പളത്തില്‍ നിന്ന് അതിനുള്ള പണവും മന്ത്രി ഉറപ്പുനല്‍കി.
തിരുവനന്തപുരത്തായിരുന്ന സാബു അബ്രഹാം തിരിച്ചെത്തിയ ഉടൻ എത്തിക്കാമെന്ന് പറഞ്ഞു. ഇപ്പോൾ തന്നെ അവർക്ക് എത്തിക്കണമെന്നായി മന്ത്രി. സാബു അബ്രഹാം ബാങ്ക് സെക്രട്ടറി പി ലതികയെ വിളിച്ച് കാര്യം പറഞ്ഞു. ഉടൻ തന്നെ ബാങ്ക് മുൻ പ്രസിഡന്‍റ് പിആർ ചാക്കോയും സംഘവും കുട്ടികളുടെ വീട്ടിൽ ഫർണിച്ചറുകൾ എത്തിച്ചുകൊടുത്തു.
കുട്ടികളും ഒട്ടും വൈകിയില്ല, പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തില്‍ മന്ത്രിയെ വീഡിയോ കോൾ ചെയ്തു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. നന്നായി പഠിക്കണമെന്നൊരു ഉപദേശവും. ഇതൊക്കെയാണ് ശരിക്കും സന്തോഷം തോന്നുന്ന നിമിഷം...
വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസിലാണ് ധീരജ് പഠിക്കുന്നത്. ധനുഷ ഭീമനടി വിമല എഎൽപി സ്കൂളിൽ മൂന്നാം ക്ലാസിലും. പഠനത്തിൽ മിടുക്കനായ ധീരജ് ചിത്രം വരയ്ക്കുന്നതിലും കേമനാണ്.