കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായിട്ടും ആരോഗ്യ വകുപ്പിനെ അറിയിക്കാതിരുന്നത് സംബന്ധിച്ചും ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമാക്കാതിരുന്നത് സംബന്ധിച്ചും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളെ സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നതിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സിന്‍റെ ചുമതലയുള്ള അഡിഷണല്‍ ഡയറക്‌ടര്‍ ഡോ. ജോസ് ഡിക്രൂസിനാണ് അന്വേഷണ ചുമത. ലിഫ്റ്റ് അടിയന്തരമായി പുനഃസ്ഥാപിക്കാനും അതിന്‍റെ സാങ്കേതികമായ മറ്റ് കാര്യങ്ങള്‍ അടിയന്തരമായി പരിശോധിക്കുന്നതിനും വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.
ലിഫ്റ്റ് സൗകര്യം ഇല്ലാത്തതിനാൽ ആശുപത്രിയിൽ മരിച്ച ആളുടെ മൃതദേഹം ചുമട്ടു തൊഴിലാളികൾ ചുമന്നു താഴെ എത്തിച്ചത് വൻ വിവാദമായിരുന്നു. പിന്നാലെ കാസർകോട് ജനറൽ ആശുപത്രിയിൽ ജില്ല ജഡ്‌ജിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ലിഫ്റ്റ് തകരാറുമായി ബന്ധപ്പെട്ട മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സന്ദർശനം. വിഷയത്തിൽ ജില്ല സബ് ജഡ്‌ജ് സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.