കാസർകോട്: സംസ്ഥാനത്ത് ബോയ്‌സ് -ഗേള്‍സ് സ്‌കൂളുകള്‍ കുറയ്ക്കുമെന്നും ഗേള്‍സ്, ബോയ്‌സ് സ്‌കൂള്‍ മാറ്റാന്‍ പി.ടി.എ തീരുമാനം മതിയെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. പി.ടി.എ തീരുമാനിച്ചാല്‍ മിക്‌സഡ് സ്‌കൂളിന് അംഗീകാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബന്ധമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ല. ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പി.ടി.എയാണ്. പി.ടി.എകളും തദ്ദേശസ്ഥാപന വകുപ്പും ആവശ്യപ്പെട്ടാൽ സർക്കാർ അംഗീകാരം നൽകും.
പല സംഘടനകളും തെറ്റിദ്ധരിച്ചിരിക്കുകയാണ്.
കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും: മന്ത്രി വി.ശിവൻ കുട്ടി നിലവിലെ സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വാക്‌സിൻ നൽകിയതിന് ശേഷമാകും ഇത്തവണത്തെ പൊതു പരീക്ഷകൾ നടക്കുക. ഈ അക്കാദമിക് വർഷം തന്നെ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
കിറ്റക്‌സിൽ തൊഴിൽ വകുപ്പ് വിശദമായ പരിശോധന നടത്തും
കിറ്റക്‌സിൽ തൊഴിൽ വകുപ്പ് വിശദമായ പരിശോധന നടത്തും. തൊഴിൽ വകുപ്പ് കമ്മീഷണറെ ഇതിനായി ചുമതലപ്പെടുത്തി. കിറ്റക്‌സ് ഉടമയുടെ മനസിലെ ഇടതുപക്ഷ വിരുദ്ധ മനോഭാവമാണ് പുറത്തു വരുന്നത്. ഇക്കാര്യത്തിൽ ലേബർ കമ്മീഷണറുടെ റിപ്പോർട്ട് വന്ന ശേഷം പ്രതികരിക്കാമെന്നും ശിവൻ കുട്ടി പറഞ്ഞു.
നോക്കു കൂലിക്കെതിരെ കർശന നടപടി
നോക്കു കൂലിക്കെതിരെ കർശന നടപടിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചിലപ്പോളെങ്കിലും ഉണ്ടാകുന്ന നോക്കുകൂലി സംബന്ധിച്ച ആരോപണങ്ങൾ മൊത്തം തൊഴിലാളികളുടെ അന്തസിനെ തന്നെ ബാധിക്കുന്നുണ്ട്. ഇക്കാര്യം തൊഴിലാളി സംഘടനകൾക്കും അറിയാം.
തൊഴിലാളി സംഘടനകൾക്കെല്ലാം ഇക്കാര്യത്തിൽ സർക്കാരിന്‍റെ പ്രവർത്തനങ്ങളെ പിന്തുണക്കുന്നു. നോക്കുകൂലിക്ക് എതിരെ ബോധവൽക്കരണം നടത്തുമെന്നും മന്ത്രി ശിവൻ കുട്ടി വ്യക്തമാക്കി.