ഇന്നസെന്‍റിനെ അനുസ്‌മരിച്ച് മന്ത്രിമാര്‍ എറണാകുളം:ഇന്നലെ അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്‍റിന് കണ്ണീരോടെയാണ് കേരളം വിട പറഞ്ഞത്. ഇന്ന് രാവിലെ അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം കടവന്ത്രയിലുള്ള രാജീവ് ഗാന്ധ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചിരുന്നു. രാവിലെ എട്ട് മണി മുതല്‍ 11:30 വരെ ആയിരുന്നു ഇവിടെ പൊതു ദര്‍ശനം നടന്നത്.
സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള ആയിരങ്ങളാണ് പ്രിയ നടന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്. സിനിമ-രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖരും ഇന്നസെന്‍റിന്‍റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ച രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സന്നിഹിതരായി. മന്ത്രി ആര്‍ ബിന്ദു, കെ രാജന്‍ എന്നിവരും ഇവിടെ എത്തിയിരുന്നു.
എംപി എന്ന നിലയില്‍ ഇന്നസെന്‍റ് മികച്ച പ്രവര്‍ത്തനം ആണ് നടത്തിയിരുന്നത് എന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വ്യക്തിപരമായി അദ്ദേഹം തന്നോട് വലിയ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തി കൂടി ആയിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുടയുടെ മുഖമായിരുന്ന അദ്ദേഹം മികച്ച ഒരു സംഘാടകന്‍ ആയിരുന്നു.
ഇരിങ്ങാലക്കുടയെ സംബന്ധിച്ചിടത്തോളം അതിന്‍റെ ചിരിയാണ് എന്നന്നേക്കുമായി മാഞ്ഞിരിക്കുന്നത്. മലയാള ചലച്ചിത്ര മേഖലയ്‌ക്ക് മാത്രമല്ല, കേരളത്തിന്‍റെ സാംസ്‌കാരിക, സാമൂഹിക രംഗത്തിന് തന്നെ അദ്ദേഹത്തിന്‍റെ വിയോഗം വലിയ നഷ്‌ടം ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റവന്യു മന്ത്രി കെ രാജനും ഇന്നസെന്‍റിന് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ഏതാണ്ട് മരണം ഉറപ്പായ സാഹചര്യത്തിൽ പോലും ഇന്നസെന്‍റ് ഈ ഘട്ടത്തെ അതിജീവിക്കുമെന്നാണ് മലയാളികള്‍ കരുതിയിരുന്നത്. അദ്ദേഹം തന്‍റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. വലിയ നിരാശയും സങ്കടവുമാണ് ഇപ്പോള്‍ തനിക്ക് ഉള്ളത്. അദ്ദേഹം ചികിത്സയില്‍ ഇരിക്കെയാണ് അവസാനം നേരില്‍ കണ്ടതെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രിയായിരുന്നു ഇന്നസെന്‍റിന്‍റെ മരണം സംഭവിച്ചത്. ഈ സമയം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, വ്യവസായ മന്ത്രി പി രാജീവ് തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളും ലേക്‌ഷോര്‍ ആശുപത്രിയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവരും ഇന്നസെന്‍റിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. പ്രേക്ഷകരുടെ മനസില്‍ നര്‍മം നിറച്ച നടനായിരുന്നു ഇന്നസെന്‍റ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നസെന്‍റിന്‍റെ വിയോഗം കേരളത്തിന് കനത്ത നഷ്‌ടം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.
കൊച്ചിയിലെ പൊതുദര്‍ശനത്തിന് ശേഷം ഇന്നസെന്‍റിന്‍റെ മൃതദേഹം ജന്മനാടായ ഇരിങ്ങാലക്കുടയിലെത്തിക്കും. ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും അദ്ദേഹത്തിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിട്ടുണ്ട്. തുടര്‍ന്ന് വൈകീട്ടോടെയാണ് അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം വീട്ടിലേക്ക് എത്തിക്കുന്നത്.
നാളെ (28.03.23) ആണ് ഇന്നസെന്‍റിന്‍റെ സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. രാവിലെ പത്ത് മണിയോടെ ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും അദ്ദേഹത്തിന്‍റെ മൃതദേഹം അടക്കം ചെയ്യുന്നത്.
Also Read:പ്രിയനടന് വിടചൊല്ലി നാട്; ഇന്നസെന്‍റിന്‍റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക്