കാസർകോട്:നിയമം ആര് ലംഘിച്ചാലും നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്‍റണി രാജു. കോണ്‍ട്രാക്‌ട് ക്യാരേജ് ബസിന്‍റെ അവകാശങ്ങള്‍ കോണ്‍ട്രാക്‌ട് ക്യാരേജ് ബസിനും സ്‌റ്റേറ്റ് ക്യാരേജ് ബസിന്‍റെ അവകാശങ്ങള്‍ സ്‌റ്റേജ് ക്യാരേജിനുമുണ്ട്. ബോര്‍ഡും വച്ച് ഓരോ സ്‌റ്റോപ്പിലും നിര്‍ത്തി ആളുകളെ കയറ്റി ഇറക്കി കൊണ്ടുപോകാനുള്ള അവകാശമൊന്നും കോണ്‍ട്രാക്‌ട് ക്യാരേജ് ബസിനില്ലെന്നും മന്ത്രി പറഞ്ഞു (Minister Antony Raju on navakerala sadas bus controversy).
ഓരോ സ്‌റ്റേപ്പിലും നിര്‍ത്തി ആളുകളെ കയറ്റി ഇറക്കിയാല്‍ പിന്നെ ഇവ രണ്ടും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്നും മന്ത്രി ചോദിച്ചു. സര്‍ക്കാരിനെ വെല്ലിവിളിച്ചുകൊണ്ടും ധിക്കരിച്ചുകൊണ്ടും അതിനെയൊക്കെ നേരിടുമെന്ന് ഒരാള്‍ പറഞ്ഞാല്‍ അതൊന്നും അംഗീകരിക്കാനാവില്ലെന്നും പത്തനംതിട്ടിയിലെ റോബിന്‍ ബസുടമയെ ഉന്നംവച്ച് മന്ത്രി പറഞ്ഞു. ഏത് ബസുടമ നിയമം ലംഘിച്ചാലും അത് നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമം ലംഘിക്കുന്ന ബസുകൾക്ക് നേരെ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നവകേരള ബസ് സസ്‌പെൻസ് ആക്കിയത് മാധ്യമങ്ങൾ ആണെന്നും ബസിൽ സാധാരണ സൗകര്യങ്ങൾ മാത്രമേ ഉള്ളൂ ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി.
ബസിൽ ആഢംബര സൗകര്യങ്ങൾ ഇല്ല. ഫ്രിഡ്‌ജ്, മൈക്രോ വേവ് ഓവൻ, കിടപ്പുമുറി, വട്ടമേശ സമ്മേളനത്തിനുള്ള മുറി തുടങ്ങിയ കാര്യങ്ങൾ ബസിൽ ഇല്ലെന്നും ആകെയുള്ളത് വാഷ്റൂമും ലിഫ്റ്റും മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഇത് ഒരു പാവം ബസാണെന്നും നവകേരള സദസിന് ശേഷവും ബസ് ഉപയോഗിക്കാനും അതുവഴി സർക്കാരിന് വരുമാനം കണ്ടെത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു (No luxury facilities in the bus says Minister Antony Raju).