കാസർകോട് : റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിൽ ബന്ധപ്പെട്ട പൊലീസുകാർക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ല. പ്രാഥമിക അന്വേഷണത്തിൽ എ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പൊലീസ് ഓഫിസർ ബിജുമോൻ എന്നിവർക്ക് വലിയ വീഴ്‌ച ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ ഡിവൈ.എസ്.പി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്.
ഇതുവരെയുള്ള അന്വേഷണത്തിൽ ഇരുവർക്കുമെതിരെ വലിയ വീഴ്‌ച കണ്ടെത്തിയിട്ടില്ല. എന്നാല്‍ വീഴ്‌ച തെളിഞ്ഞാൽ ഗുരുതര കുറ്റമായി കണക്കാക്കി സർവീസിൽ നിന്നും നീക്കം ചെയ്യുകയോ അനുകൂല്യങ്ങൾ പിടിച്ചുവയ്ക്കുകയോ ചെയ്യുന്ന കടുത്ത നടപടിയുണ്ടാകും. ദേശീയ പതാക കെട്ടുന്നതിൽ പരിചയ സമ്പന്നരാണ് ഇരുവരും. ഇരുവർക്കും ഇക്കാര്യത്തിൽ പത്ത് വർഷത്തെ പരിചയമുണ്ട്.
പൊലീസുകാർക്ക് വീഴ്‌ചയുണ്ടായതായി എഡിഎം റിപ്പോർട്ട്
നാട വലിക്കുമ്പോള്‍ കൊടിമരത്തിന്‍റെ ക്ലിപ്പ് താഴ്ന്നതായിരിക്കാം പതാക തലതിരിയാൻ കാരണമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ നാട വലിക്കുമ്പോൾ ഉണ്ടായ പിഴവായിരിക്കാം കാരണമെന്നും വിലയിരുത്തപ്പെടുന്നു. ഗുരുതരമായ വീഴ്‌ചയാണ് സംഭവിച്ചതെങ്കിലും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിന്‍റെ പൂർണ ഉത്തരവാദിത്തം കലക്‌ടർക്കോ, കലക്‌ടർ ഇല്ലാത്ത പക്ഷം പകരം ചുമതലയുള്ളവർക്കോ ആണ്. കാസർകോട് കലക്‌ടർ അവധിയിൽ ആയതിനാൽ ചുമതല എഡിഎം എം.കെ രമേന്ദ്രന് ആയിരുന്നു.