കേരളം

kerala

ETV Bharat / state

എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി തള്ളി - ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്

ഹൊസ്‌ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി

എം.സി കമറുദ്ദീൻ
എം.സി കമറുദ്ദീൻ

By

Published : Nov 12, 2020, 1:21 PM IST

കാസർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. 11 കേസുകളിൽ കൂടി എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ കൂടി ചന്ദേര പൊലീസ് രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 127 ആയി.

കേസിൽ എംഎൽഎയ്ക്ക് മേൽ ചുമത്തിയ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 429 വകുപ്പ് പ്രകാരം വഞ്ചന കുറ്റം ഉൾപ്പെടെ നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ വഞ്ചന ഉൾപ്പെടെ കുറ്റങ്ങൾ നിലനിൽക്കുമെന്നും 70ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യഹർജി തള്ളിയത്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിച്ചാൽ ജനപ്രതിനിധിയായ കമറുദ്ദീൻ പരാതിക്കാരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ഹർജി തള്ളിയ കോടതി അഭിപ്രായപ്പെട്ടു. ജാമ്യം അനുവദിക്കുന്നതിനായി പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് പഴയതാണെന്നും കോടതി നിരീക്ഷിച്ചു.

11 കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ കമറുദ്ദീൻ അറസ്റ്റിലായ കേസുകളുടെ എണ്ണം 25 ആയി. വരും ദിവസങ്ങളിൽ കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ജ്വല്ലറി മാനേജിങ് ഡയറക്‌ടർ പൂക്കോയ തങ്ങൾ ഉൾപ്പെടെ മൂന്നുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തങ്ങൾ ജില്ല വിട്ട് പോയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

ABOUT THE AUTHOR

...view details