കണ്ണൂർ: മുസ്ലീം ലീഗ് പ്രവർത്തകന്‍ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ അന്വേഷണസംഘം പിടിച്ചെടുത്തു. നാല് മൊബൈൽ ഫോണുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. തെളിവെടുപ്പിനിടെ പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഫോണുകൾ കണ്ടെടുത്ത്. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് ഡി.വൈ.എസ്.പി വിക്രമൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിനത്തിലും മറ്റും സിപിഎം പ്രാദേശിക നേതാക്കളെ മർദിച്ചതിന്‍റെ വിരോധത്തിലാണ് മുസ്ലീം ലീഗ് പ്രവർത്തകനെ ആക്രമിച്ചതെന്നാണ് പ്രതികളുടെ മൊഴി. മൊബൈൽ ഫോണിന്‍റെ പരിശോധനാഫലം പുറത്തുവരുമ്പോൾ ഗൂഢാലോചനയെ പറ്റിയുള്ള കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ. ഏഴ് പ്രതികളെ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡയിൽ വിട്ടുനൽകിയിരുന്നു. കേസിലെ ഒന്നാം പ്രതിയും മൻസൂറിന്‍റെ അയൽവാസിയുമായ ഷിനോസിന് കൊവിഡ് പോസീറ്റീവ് ആയതിനാൽ ചികിത്സയിലാണ്.