മഞ്ജിമ മണിയുടെ കളിമണ്‍ ശിൽപങ്ങൾ കാസർകോട്: ജീവൻ തുടിക്കുന്ന കളിമണ്‍ ശിൽപങ്ങളുമായി കയ്യൂർ ഫെസ്റ്റിൽ ജനശ്രദ്ധ പിടിച്ചുപറ്റി പ്ലസ്‌ടു വിദ്യാർഥിനിയായ മഞ്ജിമ മണി. സമകാലിക വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് 'അമ്മ മനസിലെ കയ്യൂരിന്‍റെ കാൽപ്പാടുകൾ' എന്ന പേരിലാണ് മഞ്ജിമ തന്‍റെ മുപ്പതോളം ശിൽപങ്ങൾ പ്രദർശിപ്പിച്ചത്.
കുട്ടിയെ താലോലിക്കുന്ന അമ്മ, കുഞ്ഞിനൊപ്പമിരിക്കുന്ന അമ്മ, കയ്യൂർ സമരം തുടങ്ങി ജീവൻ തുടിക്കുന്ന ഒട്ടേറെ ശിൽപങ്ങളാണ് കാസർകോട് വേങ്ങപാറ സ്വദേശിനി മഞ്ജിമ മണി ഒരുക്കിയെടുക്കുന്നത്. ഗാന്ധിജിയും ബ്രിട്ടീഷ് രാജ്ഞിയും മുതൽ താടിവെച്ച വയോധികർ വരെ മഞ്ജിമയുടെ ശിൽപ്പങ്ങളിലുണ്ട്.
കളിമണ്ണ് കുഴച്ചെടുത്താണ് ഓരോ ശിൽപങ്ങളുടെയും പ്രാഥമിക രൂപം ഉണ്ടാക്കുന്നത്. പിന്നീട് ഈ ശിൽപങ്ങൾ ചുട്ടെടുത്ത ശേഷം വെങ്കല നിറം നൽകി മനോഹരമാക്കും. ഒരടി വലുപ്പത്തിലുള്ള ശിൽപങ്ങൾ വരെ മഞ്ജിമയുടെ ശേഖരത്തിലുണ്ട്. കുട്ടിക്കാലത്ത് ചിത്ര രചനയോടായിരുന്നു താൽപര്യമുണ്ടായിരുന്നതെന്നും പിന്നീട് ശിൽപി രവീന്ദ്രന്‍റെ സൃഷ്ടികൾ കണ്ടാണ് ശിൽപ നിർമ്മാണത്തിലേക്ക് മാറിയതെന്നും മഞ്ജിമ പറയുന്നു.
ഏഴുവർഷമായി ശിൽപ നിർമാണത്തിലേർപ്പെടുന്നു മഞ്ജിമ ലൈബ്രറി കൗൺസിലിന്‍റെ സംസ്ഥാന ചിത്ര രചനയിലും ശിൽപ നിർമാണത്തിൽ ജില്ലാ-സംസ്ഥാന ശാസ്ത്രമേളയിലും സമ്മാനം നേടിയിട്ടുണ്ട്. കൊടക്കാട് വേങ്ങപ്പാറയിലെ വ്യാപാരി കെ. മണിയുടെയും ഉദുമ ബാര ഗവ. ഹൈസ്‌കൂൾ അധ്യാപിക കെ.വി സുജിതയുടെയും മകളാണ് കയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ മഞ്ജിമ മണി.