വിശ്വാസത്തിനും ഭാഷയ്ക്കും വഴിമാറാതെ മഞ്ചേശ്വരത്തിന്‍റെ രാഷ്ട്രീയ മനസ് - വിശ്വാസത്തിനും ഭാഷയ്ക്കും വഴിമാറാതെ മഞ്ചേശ്വരത്തിന്‍റെ രാഷ്ട്രീയ മനസ്
ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ്, തുളുനാടിന്‍റെ തുടിപ്പായ യക്ഷഗാന കലാകാരൻ കന്നഡ വിഭാഗത്തിൽ നിന്നുള്ളയാൾ എന്നിവ പ്രചരണായുധമായി. താൻ വിശ്വാസിയാണെന്നും ശബരിമല വിഷയത്തിലെ കൃത്യമായ നിലപാടുകൾ പറഞ്ഞും ശങ്കർ റൈ കളം നിറഞ്ഞതോടെ തികഞ്ഞ പ്രതീക്ഷയിലായി ഇടതു മുന്നണി. ബിജെപിയിലെ ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രചാരണം ഒരു ഭാഗത്തും മുസ്ലീം ന്യൂനപക്ഷ മേഖലകളിൽ തുടർച്ചയായ ഗൃഹ സമ്പർക്കവുമായി മറുഭാഗത്തും പ്രചാരണം ശക്തമാക്കി. പക്ഷെ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് കനത്ത തിരിച്ചടിയായി.
കാസർകോട്; ഭാഷയെന്ന പ്രാദേശിക വികാരം മുതലെടുത്ത് മഞ്ചേശ്വരം തിരിച്ചുപിടിക്കാമെന്ന സിപിഎമ്മിന്‍റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. വിശ്വാസവും പ്രാദേശിക വാദവും ഉയർത്തിയ ഇടതു പ്രചരണത്തില്‍ തുളുനാട്ടുകാരനെ ഗോദയിലിറക്കി മണ്ഡലം പിടിക്കാമെന്നായിരുന്നു സിപിഎം നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. ശബരിമല ചർച്ചയായ ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടുകൾ ചോർന്നു പോയപ്പോൾ ഉപതെരഞ്ഞെടുപ്പിൽ വിശ്വാസിയായ എം.ശങ്കർ റൈയെ ഇടതു സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ്, തുളുനാടിന്‍റെ തുടിപ്പായ യക്ഷഗാന കലാകാരൻ കന്നഡ വിഭാഗത്തിൽ നിന്നുള്ളയാൾ എന്നിവ പ്രചരണായുധമായി. താൻ വിശ്വാസിയാണെന്നും ശബരിമല വിഷയത്തിലെ കൃത്യമായ നിലപാടുകൾ പറഞ്ഞും ശങ്കർ റൈ കളം നിറഞ്ഞതോടെ തികഞ്ഞ പ്രതീക്ഷയിലായി ഇടതു മുന്നണി. ബി ജെ പി യിലെ ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രചാരണം ഒരു ഭാഗത്തും മുസ്ലീം ന്യൂനപക്ഷ മേഖലകളിൽ തുടർച്ചയായ ഗൃഹ സമ്പർക്കവുമായി മറുഭാഗത്തും പ്രചാരണം ശക്തമാക്കി. പക്ഷെ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് കനത്ത തിരിച്ചടിയായി.
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 42565 വോട്ടുകളോടെ 26.9 ശതമാനം വോട്ടു വിഹിതമായിരുന്നു ഇടതു മുന്നണിക്കുണ്ടായിരുന്നത്. എന്നാൽ പ്രാദേശിക ഘടകങ്ങൾ അനുകൂലമാകുമെന്ന് പ്രതീക്ഷിച്ച ശങ്കർ റൈക്ക് 38233 വോട്ടുനേടാനേ കഴിഞ്ഞുള്ളൂ. വോട്ട് വിഹിതം മൂന്ന് ശതമാനം കുറഞ്ഞ് 23 ശതമാനത്തിലെത്തി.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഇടത് മുന്നണിക്ക് വോട്ടു വിഹിതത്തിൽ ആറ് ശതമാനത്തിന്‍റെ കുറവു സംഭവിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട പതിനായിരത്തോളം വോട്ടിൽ 5437 വോട്ട് തിരിച്ചുപിടിച്ച് മൂന്ന് ശതമാനം വോട്ട് അധികമായി നേടാനായത് മാത്രമാണ് ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ആശ്വാസമേകുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ യുഡിഎഫ് 8537 വോട്ട് അധികമായി നേടി. അഞ്ച് ശതമാനം വർധനവ്. തുടർച്ചയായി രണ്ടാം സ്ഥാനത്താകുമ്പോഴും ബി ജെ പി മണ്ഡലത്തിൽ സ്ഥിരത പുലർത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 703 വോട്ട് ഇക്കുറി അധികം നേടിയെങ്കിലും വോട്ടു വിഹിതം 35 ശതമാനമായി തുടരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും 35 ശതമാനമായിരുന്നു ബിജെപി വോട്ടു വിഹിതം.