കാസർകോട്: മഞ്ചേശ്വരത്തെ മണി ചെയിൻ തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റുകൾ. തട്ടിപ്പ് നടത്തിയ കമ്പനി ഡയറക്ടർമാരായ കോഴിക്കോട് സ്വദേശി ഹൈദരാലി, കൊടക്കാട്ടേരി സ്വദേശി ഷാജി എന്നിവരെയാണ് കാസർകോട് ഡിവൈഎസ്‌പി പിപി സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
മഞ്ചേശ്വരം മണി ചെയിൻ തട്ടിപ്പ് മുഖ്യ ഇടനിലക്കാരനായ ജാവേദിനെ മഞ്ചേശ്വരം ഭാഗത്ത് നിന്ന് ദിവസങ്ങൾക്ക് മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും കമ്പനി വെബ് സൈറ്റിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ കൂടി പിടിയിലായത്. മഞ്ചേശ്വരത്ത് മാത്രം 42 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
കേരളത്തിൽ മലബാർ ജില്ലകൾ കേന്ദ്രീകരിച്ചും ഗൾഫ് മേഖല കേന്ദ്രീകരിച്ചുമാണ് മണി ചെയിൻ തട്ടിപ്പ് നടന്നത്. അന്താരാഷ്ട്ര ബന്ധമുള്ള കേസിൽ കമ്പനിയുടെ ഡയറക്‌ടർമാരും ഇടപാടുകാരുമായ കൂടുതൽ പേർ പിടിയിലാകാനുണ്ട്. മൈ ക്ലബ് ട്രേഡേഴ്സ് എന്ന പേരിലുള്ള മലേഷ്യൻ കമ്പനിയുടെ പേരിൽ ജനങ്ങളിൽ നിന്നും പണം പിരിച്ച് നടത്തിയ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നിക്ഷേപമെന്ന പേരിൽ പിരിച്ചെടുത്ത പണം തിരിച്ചു നൽകാത്തതിനെ തുടർന്ന് മഞ്ചേശ്വരം പൊലീസിൽ തട്ടിപ്പിനിരയായ ചിലർ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നത്. തുടർന്നാണ് പ്രതികൾ പൊലീസിന്‍റെ വലയിലകപ്പെട്ടത്.
ALSO READ:മൂന്നാര്‍ ധ്യാനം; രണ്ട് വൈദികര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളിൽ നിന്ന് പ്രിൻസസ് ഗോൾഡ് ആന്‍റ് ഡയമണ്ട് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കാസർകോട് ചെങ്കളയിലും, കോഴിക്കോട് വടകരയിലും ജുവലറിക്കായി കെട്ടിടങ്ങളടക്കം സംഘം വിലകൊടുത്തു വാങ്ങിയതായും പൊലീസ് കണ്ടെത്തി. തട്ടിപ്പിന്‍റെ പ്രധാന സൂത്രധാരൻ ഉൾപ്പെടെയുള്ളവരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും വർദ്ധിക്കുമെന്നാണ് പൊലീസിന്‍റെ നിഗമനം. മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാളില്‍ നിന്നാണ് മണിചെയിന്‍ തട്ടിപ്പ് കമ്പനിയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.