കാസർകോട്: മഞ്ചേശ്വരത്തിന്‍റെ ആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് നിയുക്ത എംഎല്‍എ എ.കെ.എം.അഷ്‌റഫ്. മംഗല്‍പാടി താലൂക്ക് ആശുപത്രിയിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഓക്‌സിജന്‍, കിടക്കകള്‍ എന്നിവയുള്‍പ്പെടെ ലഭ്യമാക്കുക എന്നതിനാണ് തന്‍റെ പ്രഥമപരിഗണനയെന്ന് കാസര്‍കോട് പ്രസ് ക്ലബ് നടത്തിയ മുഖാമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ആശുപത്രികളില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കും. വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ വികസന കാര്യങ്ങളിൽ ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ട്. തുളുനാട്ടുകാരനെ നിയമസഭാംഗമാക്കിയ ജനതയ്‌ക്കൊപ്പം നിന്ന് അവയെല്ലാം യാഥാര്‍ഥ്യമാക്കും. കേരളത്തിന്‍റെ കവാടമായ മഞ്ചേശ്വരത്തെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും. ക്ലീന്‍ മഞ്ചേശ്വരമെന്ന നിലയില്‍ മണ്ഡലത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.