കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് ഉടൻ കുറ്റപ്പത്രം സമർപ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനുള്‍പ്പെടെ ആറുപേർ പ്രതിപട്ടികയിൽ ഉണ്ടെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് കോഴ നൽകി ബി.എസ്.പി സ്ഥാനാർഥിയുടെ പത്രിക പിൻവലിപ്പിച്ച കേസിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്.
കെ സുരേന്ദ്രന് പുറമേ യുവമോർച്ച സംസ്ഥാന മുൻ ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ല പ്രസിഡന്‍റ് കെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരും പ്രതി പട്ടികയിലുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്. സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയിൽ നിന്ന് അനുമതി ലഭിക്കുന്നയുടൻ കാസർകോട് സി.ജെ.എം കോടതിയിൽ കുറ്റപ്പത്രം നൽകും.
കോഴ നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കുറ്റത്തിന് പുറമേ ഭീഷണിപ്പെടുത്തൽ, തടങ്കലിൽ വയ്ക്കൽ എന്നീ വകുപ്പുകളും കുറ്റപ്പത്രത്തിലുണ്ടെന്ന് സൂചനയുണ്ട്. പട്ടികജാതി വിഭാഗക്കാരാനായ സുന്ദരയെ പീഡിപ്പിച്ചതിന് പട്ടിക ജാതി വർഗ പീഡന വകുപ്പുപ്രകാരം കേസെടുക്കണമെന്ന് ഹർജിയും കോടതിയിലുണ്ട്. മാധ്യമങ്ങളോട് കെ സുന്ദര നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശൻ നൽകിയ പരാതിയിൽ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെ പ്രതിയാക്കി കേസെടുക്കാൻ ഉത്തരവിട്ടത്.