കേരളം

kerala

ETV Bharat / state

മഞ്ചേശ്വരത്ത് അന്തിമഫലം പ്രവചനാതീതം

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 76.33ശതമാനമായിരുന്നു മഞ്ചേശ്വരത്തെ പോളിങ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ 0.55 ശതമാനം കുറഞ്ഞ് 75.78 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്

മഞ്ചേശ്വരം

By

Published : Oct 23, 2019, 3:14 PM IST

കാസര്‍കോട്:ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് അന്തിമഫലം വരും വരെ മൂന്ന് മുന്നണികള്‍ക്കും അവകാശ വാദങ്ങള്‍ ഉന്നയിക്കാം. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുണ്ടായിരുന്നത് മഞ്ചേശ്വരത്താണ്. നേരിയ വ്യത്യാസമുണ്ടെങ്കിലും മുന്‍തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തന്നെയാണ് ഉപതെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്തെ പോളിങ്. എങ്കിലും പഞ്ചായത്തുകള്‍ തിരിച്ചുള്ള വോട്ടിങ് നോക്കുമ്പോഴാണ് നേതൃത്വങ്ങളും അങ്കലാപ്പിലാകുന്നത്. സ്വാധീന മേഖലകളില്‍ വോട്ട് വര്‍ധിച്ചതായി മുന്നണികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആര്‍ക്ക് ഗുണം ചെയ്യുമെന്നത് മുന്‍കൂട്ടി പ്രവചിക്കുക സാധ്യമല്ലാതായിരിക്കുകയാണ്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 76.33ശതമാനമായിരുന്നു പോളിങ്. എന്നാല്‍ അതില്‍ നിന്നും 0.55 ശതമാനം കുറഞ്ഞ് 75.78 ശതമാനം പോളിങ്ങാണ് ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ശതമാനക്കണക്കില്‍ കുറവാണെങ്കിലും ഇത്തവണ 4166 വോട്ടുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2016നെക്കാള്‍ 6634വോട്ടുകള്‍ ഇത്തവണ പട്ടികയില്‍ കൂടുതലുമാണ്. ഏറ്റവും കൂടുതല്‍ പോളിങ് 198ാം ബൂത്തിലാണ്. 86.5ശതമാനം. ഏറ്റവും കുറവ് പോളിങ് 133ാം ബൂത്തിലും. 66.2ശതമാനം. വോട്ടുവിഹിതങ്ങളുടെ കണക്കുകളും പഞ്ചായത്തുകളിലെ സ്വാധീനവുമാണ് ഉപതെരഞ്ഞെടുപ്പിന് ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. വോര്‍ക്കാടി പഞ്ചായത്തിലാണ് ഏറ്റവും കുടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മംഗല്‍പ്പാടിയിലും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായിരുന്നു വോര്‍ക്കാടിയില്‍ മേല്‍ക്കൈ. പക്ഷെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആണ് മുന്നിലെത്തിയത്. 19812പേരില്‍ 15671 പേര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തി. യുഡിഎഫിന്‍റെ ശക്തികേന്ദ്രമാണ് മംഗല്‍പ്പാടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 7000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മംഗല്‍പ്പാടി നല്‍കിയത്. എന്നാല്‍ ഇത്തവണ പോളിങ് കുറഞ്ഞത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. 40537 വോട്ടര്‍മാരില്‍ 27941പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎക്കൊപ്പം നിന്ന മീഞ്ചയില്‍ 18738 പേരില്‍ 14623വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ബിജെപിക്ക് മുന്‍തൂക്കമുള്ള എൻമകജെയില്‍ 21945വോട്ടര്‍മാരില്‍ 16992പേരും പൈവളിഗെയില്‍ 26666വോട്ടര്‍മാരില്‍ 20498പേരും വോട്ടവകാശം വിനിയോഗിച്ചു. യുഡിഎഫിനെ എല്ലാക്കാലത്തും തുണക്കുന്ന ആകെയുള്ള 32056പേരില്‍ 24026പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കുമ്പളയില്‍ 37688വോട്ടര്‍മാരില്‍ 27941പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടിങ് ശതമാനത്തിനപ്പുറം സ്വാധീനമേഖലകളില്‍ പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണമാണ് മൂന്ന് മുന്നണികളും കൂട്ടിക്കിഴിക്കുന്നത്. 2016നിയമസഭാ തെരഞ്ഞെടുപ്പിനെക്കാളും വോട്ടര്‍പ്പട്ടികയില്‍ അധികമായി വന്ന 6634പേര്‍ എങ്ങനെ ചിന്തിക്കുന്നുവെന്നതും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകും.

ABOUT THE AUTHOR

...view details