കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ ബിഎസ്‌പി നേതാവ് കെ സുന്ദരയ്ക്ക് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിൽ ജോലി നൽകിയത് വിവാദമാകുന്നു. കേസിൽ കെ സുരേന്ദ്രനെതിരെ മൊഴി നൽകിയതിനുള്ള പാരിതോഷികമാണ് സുന്ദരയ്ക്ക് നൽകിയ ജോലിയെന്നാണ് ബിജെപിയുടെ ആരോപണം.
സുന്ദരയ്ക്ക് സഹകരണ ആശുപത്രിയില്‍ ജോലി: സുരേന്ദ്രനെതിരെ മൊഴി നൽകിയതിനുള്ള പാരിതോഷികമെന്ന് ബിജെപി - സുന്ദര ജോലി വിവാദം
മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ മൊഴി നൽകിയതിനുള്ള പാരിതോഷികമായാണ് ബിഎസ്‌പി നേതാവ് കെ സുന്ദരയ്ക്ക് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിൽ ജോലി നൽകിയതെന്ന് ബിജെപി ആരോപണം.

ഒന്നര മാസം മുമ്പാണ് സിപിഎം നിയന്ത്രണത്തിലുള്ള ഇകെ നായനാർ സ്‌മാരക സഹകരണ ആശുപത്രിയിൽ കെ സുന്ദരയ്ക്ക് സുരക്ഷ ജീവനക്കാരനായി ജോലി ലഭിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രനെതിരെ മത്സര രംഗത്തുണ്ടായിരുന്ന സുന്ദരയെ ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിച്ചുവെന്ന് സുന്ദര നൽകിയ മൊഴിയാണ് കേസിന്‍റെ ആധാരം.
ഇത്തരത്തിൽ മൊഴി നൽകിയതിന്‍റെ പ്രത്യുപകാരമാണ് സുന്ദരയ്ക്ക് നൽകിയ ജോലിയെന്നാണ് ബിജെപിയുടെ ആരോപണം. സുന്ദരയ്ക്ക് നൽകിയ ജോലി സിപിഎമ്മിനെതിരെ പുതിയ രാഷ്‌ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി. അതേസമയം കെ സുരേന്ദ്രന്‍ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തെങ്കിലും ഇതുവരെ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.