കേരളം

kerala

ETV Bharat / state

മഞ്ചേശ്വരത്തിന്‍റെ മനസിളകുമോ: ആരെ വരിക്കുമെന്നറിയാൻ കാത്തിരിപ്പ് - മഞ്ചേശ്വരം തെരഞ്ഞെടുപ്പ്

2006 ൽ എൽഡിഎഫിന്‍റെ സിഎച്ച് കുഞ്ഞമ്പു വിജയിച്ചതൊഴിച്ചാൽ 1987 മുതല്‍ മുസ്ലീംലീഗാണ് മഞ്ചേശ്വരത്ത് നിന്ന് എംഎല്‍എമാരെ നിയമസഭയിലേക്ക് അയച്ചത്. ഇത്തവണ ഇരുമുന്നണികളേയും മറികടന്ന് മഞ്ചേശ്വരത്ത് താമര വിരിയിക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

manjeswaram assembly  assembly election 2021  പിബി അബ്ദുൽ റസാഖ്  മഞ്ചേശ്വരം നിയമസഭ മണ്ഡലം  കമറുദീന്‍ എംഎൽഎ  എൻമകജെ പഞ്ചായത്ത്  kerala assembly election2021  മഞ്ചേശ്വരം തെരഞ്ഞെടുപ്പ്  മഞ്ചേശ്വരം നിയമസഭ
മഞ്ചേശ്വരം

By

Published : Mar 1, 2021, 5:27 PM IST

കേരളത്തിന്‍റെ വടക്കേയറ്റത്തെ നിയമസഭാ മണ്ഡലം. പ്രാദേശിക, സമുദായിക, ഭാഷാ സമവാക്യങ്ങൾ ഇത്രയേറെ സ്വാധീനിക്കുന്ന മറ്റൊരു മണ്ഡലം കേരളത്തിലില്ല. മലയാളത്തിനൊപ്പം, തുളു, കന്നഡ, ഉറുദു, മറാഠി തുടങ്ങിയ ഭാഷകൾക്ക് വലിയ സ്വാധീനം. തുളുനാടൻ കളരിയുടെ നാട്ടില്‍ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചുകയറാൻ രാഷ്ട്രീയക്കളരിയിലെ മെയ്‌വഴക്കവും അഭ്യാസവും വേണം. കാരണം കർണാടകയുമായി അതിർത്തി പങ്കിടുന്ന മഞ്ചേശ്വരത്ത് എല്‍ഡിഎഫും യുഡിഎഫും മാത്രമല്ല, ബിജെപിയും നിർണായക ഘടകമാണ്.

പ്രാദേശിക ഭാഷ സമവാക്യങ്ങളെ ചേർത്ത് നിർത്തി മഞ്ചേശ്വരം പിടിക്കാനാണ് എക്കാലവും രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചിട്ടുള്ളത്. 1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി എം. ഉമേഷ് റാവു എതിരില്ലാതെ നിയമസഭയിലെത്തി. 1960ൽ കർണാടക സമിതിയുടെ കെ. മഹാബല ഭണ്ഡാരി ജയിച്ചുകയറി. 1965ൽ കോൺഗ്രസ് സ്ഥാനാർഥിയായും 1967ൽ സ്വതന്ത്രനായും ഭണ്ഡാരി മഞ്ചേശ്വരത്തു നിന്ന് വിജയിച്ചു. പിന്നിടുള്ള നാല് തെരഞ്ഞെടുപ്പുകളിൽ മണ്ഡലം സിപിഐയ്‌ക്കൊപ്പമായിരുന്നു.

മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

2006 ൽ എൽഡിഎഫിന്‍റെ സിഎച്ച് കുഞ്ഞമ്പു വിജയിച്ചതൊഴിച്ചാൽ 1987 മുതല്‍ മുസ്ലീംലീഗാണ് മഞ്ചേശ്വരത്ത് നിന്ന് എംഎല്‍എമാരെ നിയമസഭയിലേക്ക് അയച്ചത്. 1987 മുതൽ 2001 വരെ തുടർച്ചയായി നാല് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച മുസ്ലീം ലീഗ് നേതാവ് ചെർക്കളം അബ്ദുള്ള മണ്ഡലത്തിൽ ഏറ്റവും അധികം കാലം എംഎൽഎ ആയി. എകെ ആന്‍റണി മന്ത്രിസഭയില്‍ ചെർക്കളം അബ്‌ദുള്ള മന്ത്രിയുമായി. 1987ലെ തെരഞ്ഞെടുപ്പ് മുതല്‍ മഞ്ചേശ്വരത്തിന്‍റെ രാഷ്ട്രീയ ചിത്രത്തില്‍ വലിയ മാറ്റം വന്നു. ഇതുവരെ വിജയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും, 1987 മുതൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ 89 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി പിബി അബ്ദുൽ റസാഖിനോട് പരാജയപെട്ടത്. ബിജെപിയെ പരാജയപ്പെടുത്താൻ യുഡിഎഫ് , എൽഡിഎഫ് മുന്നണികൾ ക്രോസ് വോട്ട് ചെയ്യുന്നു എന്നതാണ് എല്ലാ കാലവും പരസ്യമായും രഹസ്യമായും മഞ്ചേശ്വരത്ത് ഉയർന്നുകേൾക്കുന്ന ആരോപണം.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ഫലം 2019

ഇത്തവണ ഇരുമുന്നണികളേയും മറികടന്ന് മഞ്ചേശ്വരത്ത് താമര വിരിയിക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഒറ്റത്തവണ മാത്രമാണ് മഞ്ചേശ്വരത്തിന്‍റെ മനസ് എൽഡിഫിന് അനുകൂല വിധിയെഴുതിയത്. നിലവിലെ എംഎൽഎ എംസി കമറുദീന് എതിരായ നിക്ഷേപ തട്ടിപ്പ് കേസും, ജയിൽവാസവുമെല്ലാം ഉയർത്തി എൽഡിഎഫ് പ്രചാരണം കടുപ്പിക്കും എന്നതിൽ തർക്കമില്ല. തദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നേടിയ മിന്നുന്ന വിജയവും, മണ്ഡലത്തിലെ വോർക്കാടി പഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാനായതും ഇടതിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

അതേസമയം 2016 ൽ 87 വോട്ടിനു മാത്രം ജയിച്ചു കയറിയ മണ്ഡലത്തിൽ, 2019 ലെ ഉപതെരഞ്ഞെടുപ്പിൽ 7923 വോട്ടിന്‍റെ ഭൂരിപക്ഷം നേടാനായാതും മണ്ഡലത്തിന്‍റെ മുൻകാല വിധിയെഴുത്തുകളും യുഡിഎഫ് ക്യാമ്പിൽ ആശ്വാസം പകരുന്നു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ മംഗൾപാടി , കുമ്പള , എൻമകജെ പഞ്ചായത്തുകളാണ് യുഡിഎഫ് ഭരിക്കുന്നത്, മീഞ്ച, പൈവളികെ പഞ്ചായത്തുകള്‍ എൻഡിഎയും വോർക്കടി, പുത്തിഗെ പഞ്ചായത്തുകള്‍ എൽഡിഎഫിന്‍റെയും കൈവശമാണ്. മഞ്ചേശ്വരം പഞ്ചായത്തില്‍ സംയുക്ത സ്വതന്ത്ര കൂട്ടായ്മയാണ് വിജയം നേടിയത്.

ABOUT THE AUTHOR

...view details