കാസര്‍കോട്: 2016ല്‍ മഞ്ചേശ്വരത്തെ ബിജെപിയുടെ വിജയപ്രതീക്ഷകളെ കീഴ്‌മേല്‍ മറിച്ചത് അപരനാണ്. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ.സുരേന്ദ്രന്‍ 89 വോട്ടിന് പരാജയം രുചിച്ചപ്പോള്‍ അപരനായ സ്വതന്ത്രന്‍ കെ.സുന്ദരന്‍ അന്ന് നേടിയത് 467 വോട്ടുകള്‍.
കള്ളവോട്ട് കേസും ആരോപണങ്ങളുമായി തെരഞ്ഞെടുപ്പ് കോടതിയിലെത്തിയപ്പോഴും കെ.സുരേന്ദ്രനെ ഏറ്റവും അസ്വസ്ഥപ്പെടുത്തിയ പേരുകളിലൊന്ന് സുന്ദരന്‍റേതായിരിക്കും. തീ പാറിയ തെരഞ്ഞെടുപ്പ് പോര് കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു തെരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെയാണ് മഞ്ചേശ്വരത്ത് മത്സര രംഗത്ത്. അപ്പോഴും ശക്തനായ എതിരാളിയായ കെ.സുന്ദരനും മറുഭാഗത്തെത്തിക്കഴിഞ്ഞു.
മഞ്ചേശ്വരത്ത് ഇത്തവണയും കെ.സുരേന്ദ്രന് വെല്ലുവിളിയായി സുന്ദരന്‍ കഴിഞ്ഞ തവണ സ്വതന്ത്രനെങ്കില്‍ ഇത്തവണ ബി.എസ്.പി ബാനറിലാണ് സുന്ദരന്‍റെ സ്ഥാനാര്‍ഥിത്വം. ചിഹ്നം ഐസ്‌ക്രീമില്‍ നിന്നും മാറി ആനയായി. സര്‍വസന്നാഹങ്ങളുമായി ബിജെപി പ്രചാരണം കൊഴുപ്പിച്ച 2016ല്‍ സംസ്ഥാനത്തെ അപകടകാരിയായ അപരന്‍ ആയിരുന്നു പെര്‍ള വാണിനഗര്‍ കുത്താജെയിലെ സുന്ദരന്‍. എതിര്‍ചേരി മത്സരിപ്പിച്ച അപരനായിട്ടായിരുന്നു തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണമായി സുന്ദരനെ ബിജെപി വിലയിരുത്തിയത്. രണ്ട് വട്ടം തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുന്ദരക്ക് നിയമസഭയിലേക്ക് രണ്ടാമങ്കമാണ്.
കാലങ്ങളിത്രയായിട്ടും നാടിന്‍റെ വികസനം പോരെന്ന കാഴ്‌ചപ്പാടാണ് സുന്ദരക്ക്. അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായാണ് സ്ഥാനാര്‍ഥിത്വമെന്ന് സുന്ദരന്‍ പറയുന്നു. കഴിഞ്ഞ തവണത്തെ പോരാട്ടത്തിന്‍റെ ഓര്‍മകളുമായി ഒരു വട്ടം കൂടി ഗോദയിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സുന്ദരന്‍റെ ചിന്തയിലില്ല. ഇക്കുറി രാഷ്ട്രീയപാര്‍ട്ടിയുടെ പിന്തുണ കൂടി ലഭിക്കുമ്പോള്‍ ജനങ്ങളും തനിക്കൊപ്പം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് സുന്ദരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.