മാവിനൊപ്പം കളിചിരിയാല്‍ തളിര്‍ത്ത് കളി മുറ്റം; 'പയസ്വിനി'യിലൂടെ മായാത്ത ഓര്‍മയായി സുഗതകുമാരി ടീച്ചര്‍ കാസര്‍കോട്:ഇത് കാസർകോട് ജില്ലയിലെ അടുക്കത്ത് ഗവണ്‍മെന്‍റ് ഹൈസ്‌കൂളിന്‍റെ കളി മുറ്റം. ഇവിടെ ഈ മാവിൻ ചുവട്ടില്‍ കളി ചിരികളുമായി കുട്ടികൾ പാട്ടുപാടി ഉല്ലസിക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് മലയാളിയുടെ സ്വന്തം കവയിത്രിയായ സുഗതകുമാരി ടീച്ചറെയാണ്. കാരണം ഈ മാവ് സുഗതകുമാരി ടീച്ചർ നട്ടതാണ്. പക്ഷേ നട്ടത് ഈ സ്‌കൂൾ മുറ്റത്തല്ലെന്ന് മാത്രം.
അതിനു പിന്നിലൊരു കഥയുണ്ട്. വർഷങ്ങൾക്ക് മുൻപ്, അതായത് 2006 ഡിസംബറില്‍ തണൽ മരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടിക്കെത്തിയപ്പോഴാണ് സുഗതകുമാരി ടീച്ചർ കാസർകോട് പുതിയ ബസ് സ്‌റ്റാന്‍ഡ് പരിസരത്ത് ഒരു മാവിൻതൈ നട്ടത്. മാവിന് പയസ്വിനി എന്ന പേരിട്ടതും ടീച്ചർ തന്നെ.
ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി പാതയോരത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങിയപ്പോൾ പ്രിയ കവയിത്രി നട്ട മാവ് മുറിക്കാൻ ആർക്കും മനസ് വന്നില്ല. അടുത്ത മാമ്പഴക്കാലം കഴിഞ്ഞാൽ മാവ് മാറ്റി നടാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് അടുക്കത്ത് ഗവണ്‍മെന്‍റ് ഹൈസ്‌കൂളിന്‍റെ മുറ്റത്തേക്ക് മാവ് മാറ്റി നട്ടത്.
മാവ് തളിരിട്ടതോടൊപ്പം കളിചിരികളും തളിരിട്ടു: മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാവിൻചുവട്ടിലെ മണ്ണ് നീക്കി. തായ്‌വേരുകൾക്ക് പോറലേൽക്കാതിരിക്കാൻ ചുവട്ടിൽ നിന്ന് ഒന്നര മീറ്റർ മാറിയാണ് മണ്ണെടുത്തത്. മരം ലോറിയിലേക്ക് മാറ്റുമ്പോൾ വേരിനോട് ചേർന്നിരിക്കുന്ന മണ്ണ് ഇളകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വലിയ ശിഖരങ്ങൾ മുറിച്ച് ക്രെയിൻ ഉപയോഗിച്ചാണ് മരം മാറ്റിയത്.
ഇന്നിതാ ആ മാവ് വീണ്ടും തളിരിട്ടിരിക്കുന്നു... നിറയെ ഇലകളും ശിഖരങ്ങളും...പൂമ്പാറ്റകളെ പോലെ കുട്ടികൾ അതിനു ചുറ്റം ഓടിക്കളിക്കുന്നു.. ഈ മാവ് ആരാണ് നട്ടതെന്ന് ചോദിക്കുമ്പോൾ കുട്ടികൾ ഒരേ സ്വരത്തില്‍ പറയുന്നത്, പ്രകൃതിയെ അതിലെ ജീവജാലങ്ങളെ അകമഴിഞ്ഞ് സ്നേഹിച്ച സുഗതകുമാരി ടീച്ചറുടെ പേരാണ്... ഇതൊക്ക കണ്ട് ടീച്ചർ സന്തോഷിക്കുണ്ടായിരിക്കും...
മാവിനൊരു യാത്രാമൊഴി:'വെട്ടിമാറ്റാന്‍ എത്തുന്നവര്‍ക്ക് വേണ്ടി ഞങ്ങള്‍ അങ്ങയോട് മാപ്പ്ചോദിക്കുന്നു, ഏറെ വേദനയോടെ പറയുന്നു യാത്രാമൊഴി'. പൂവിടാന്‍ തയ്യാറെടുക്കുന്ന അറുപത് വയസുള്ള ഒരു മാവ് അധികൃതര്‍ മുറിച്ചുമാറ്റുന്നതിന് മുന്‍പ്, നാട് നല്‍കിയ വിടചൊല്ലലിലെ വാചകം ഇങ്ങനെയായിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് ദേശീയപാതയോരത്തെ അവസാനത്തെ കുഞ്ഞിമംഗലം മാവ് 2022 ഒക്‌ടോബര്‍ 13നായിരുന്നു മുറിച്ചു മാറ്റിയത്.
മരം മുറിക്കുന്നതിനെതിരെ കുഞ്ഞിമംഗലം കൂട്ടായ് എതിര്‍പ്പുമായി എത്തിയിരുന്നു. എന്നാല്‍, അധികൃതര്‍ ഇത് കണ്ടതായി നടിച്ചില്ല. തുടര്‍ന്ന്, പ്രദേശവാസികള്‍ മരം മുറിക്കുന്നതിന് മുന്‍പായി പ്രതിഷേധ പോസ്‌റ്ററുകള്‍ സ്ഥാപിക്കുകയും പുഷ്‌പങ്ങളര്‍പ്പിക്കുകയും ചെയ്‌തു. വികസനം മനുഷ്യന് അനിവാര്യമാണ്. പക്ഷേ, അതുപോലെ അനിവാര്യമാണ് മറ്റെല്ലാ ജീവന്‍റെയും തുടര്‍ച്ചയും. അധികൃതര്‍ക്ക് വൃക്ഷം മാറ്റിസ്ഥാപിക്കാമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
ആറുവരിയായി ദേശീയ പാത വികസനത്തിന്‍റെ ഭാഗമായാണ് മാവ് മുറിച്ചത്. പുളിയുറുമ്പിന്‍ കൂട്ടവും പക്ഷികളും മറ്റ് അനേകം ജന്തുജാലങ്ങളും ആശ്രയിച്ച മരമായിരുന്നു ഇത്. കഴിഞ്ഞ മാമ്പഴക്കാലത്തും തേനൂറുന്ന ഫലങ്ങള്‍ തന്ന വൃക്ഷം യന്ത്ര കൈയാല്‍ ഓര്‍മയായതിന്‍റെ ദുഃഖത്തിലാണ് നാട്.