കേരളം

kerala

ETV Bharat / state

Mangalpady Panchayath Office മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും അറിയാൻ, മംഗല്‍പാടി പഞ്ചായത്തിലെ ഫയലുകൾ ഉറങ്ങുന്നതിന് ഒരു കാരണമുണ്ട്... - മംഗൽപാടി പഞ്ചായത്ത് ഓഫീസ് പ്രശ്‌നം

Mangalpady Panchayath Office Staff ഓരോ ഫയലും ഓരോ ജീവിതമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാല്‍ കാസർകോട് ജില്ലയിലെ മംഗൾ പാടി പഞ്ചായത്തില്‍ അഞ്ച് മാസമായി ജീവനക്കാർ ഇല്ലാത്തത് മൂലം പഞ്ചായത്തിന്‍റെ ദൈനംദിന പ്രവർത്തങ്ങൾ പോലും തടസപ്പെട്ടുവെന്നാണ് ജനപ്രതിനിധികൾ ആരോപിക്കുന്നത്.

mangalpady-panchayath-office-staff-issue
mangalpady-panchayath-office-staff-issue

By ETV Bharat Kerala Team

Published : Oct 17, 2023, 4:34 PM IST

ജീവനക്കാരില്ലാതെ മംഗല്‍പാടി പഞ്ചായത്ത്

കാസർകോട്:ഇക്കാണുന്നത് കാസർകോട് ജില്ലയിലെ ഒരു പഞ്ചായത്ത് ഓഫീസാണ്. ഒന്നേകാൽ ലക്ഷത്തോളം ജനസംഖ്യയുള്ള മംഗൽപാടി പഞ്ചായത്ത് ഓഫീസ്. ഇവിടെ എന്ത് ആവശ്യത്തിന് ആര് വന്നാലും ഒറ്റ മറുപടി മാത്രം. ജീവനക്കാരില്ല...ഒഴിഞ്ഞ കസേരകൾ മാത്രം...

പരാതി പറഞ്ഞ് ജനത്തിന് മതിയായി. അതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി. 23 പഞ്ചായത്ത് അംഗങ്ങളും ചേർന്ന് ഒക്‌ടോബർ 12ന് പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടറെ പൂട്ടിയിട്ട് പ്രതിഷേധിച്ചു. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ലെന്ന് മാത്രം.

16 ജീവനക്കാർ വേണ്ടിടത്ത് ആകെയുള്ളത് ആറ് പേർ മാത്രം... അതിൽ രണ്ടുപേർ പുതുതായി വന്നവർ. അവർ സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ അടക്കമുള്ള കാര്യങ്ങൾ പഠിക്കുന്നു. ലീവ്, അസുഖം... ജീവനക്കാർക്ക് ഓഫീസില്‍ വരാതിരിക്കാൻ കാരണങ്ങൾ പലതാണ്. പെൻഷൻ, ജനന-മരണ സര്‍ട്ടിഫിക്കറ്റ്, ലൈഫ് ഭവന പദ്ധതി തുടങ്ങി നൂറു കണക്കിന് അപേക്ഷകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. അടിയന്തരമായി ജീവനക്കാരെ നിയമിക്കാൻ സമരം മുറയ്ക്ക് നടക്കുന്നുണ്ട്. ഇതൊക്കെ കണ്ടിട്ടെങ്കിലും ജീവനക്കാരെ നിയമിക്കുമെന്ന പ്രതീക്ഷയിലാണ് മംഗൽപാടിക്കാർ...

മുഖ്യമന്ത്രി പറഞ്ഞ ജീവിതങ്ങൾ ഇവിടെ ഉറങ്ങുന്നു: മേശയ്ക്ക് മുകളിൽ ഉറങ്ങുന്ന നൂറുകണക്കിന് ഫയലുകളാണ് മംഗല്‍പാടി പഞ്ചായത്ത് ഓഫീസിലെ കാഴ്‌ച. പലതും പൊടിപിടിച്ചു കിടക്കുകയാണ്. ജനങ്ങളുടെ പരാതി കേട്ട് മടുത്ത ജന പ്രതിനിധികൾ ഒറ്റക്കെട്ടായി സമരത്തിലാണ്. വിഷയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് പരിഹരിക്കാമെന്ന് ഡയറക്ടർ അറിയിച്ചെങ്കിലും വ്യക്തമായ ഉറപ്പ് കിട്ടാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് അംഗങ്ങൾ.

ആകെ ആറ് പേർ:16 ജീവനക്കാർ വേണ്ടിടത്ത് ആകെയുള്ളത് ആറ് പേർ മാത്രം... അതില്‍ തന്നെ ഒരു ഓഫീസ് അസിസ്റ്റന്റ്, അപകടത്തിൽ പെട്ട് കൈയൊടിഞ്ഞ് മെഡിക്കൽ അവധിയിലാണ്. ആറ് ക്ലർക്കുമാർ വേണ്ടിടത്ത് ഒരാളാണ് ഉണ്ടായിരുന്നത്. പുതുതായി മൂന്ന് പേരെ മുനിസിപാലിറ്റികളിൽ നിന്ന് ഇവിടേക്ക് നിയമിച്ചിട്ടുണ്ടെങ്കിലും ഇവർക്ക് പഞ്ചായത്ത് സോഫ്റ്റ് വെയർ വശമില്ലാത്തതിനാല്‍ ട്രെയിനിങിലാണ്.

ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു ജൂനിയർ സൂപ്രണ്ടിനെ നിയമിച്ചിട്ടുണ്ടെങ്കിലും സോഫ്റ്റ് വെയർ വശമില്ലാത്തതിനാൽ ഇദ്ദേഹവും ട്രെയിനിങിലാണ്. കെട്ടിട വിഭാഗത്തിൽ കൃഷി വകുപ്പിൽ നിന്നും ഒരാൾ ഡെപ്യൂട്ടേഷനിൽ ഇവിടെ ക്ലർക്കായി ജോലി ചെയ്തിരുന്നെങ്കിലും ഇയാൾ അനധികൃതമായി അവധി എടുത്തിരിക്കുകയാണെന്നും വാർഡ് അംഗങ്ങൾ ആരോപിക്കുന്നു. അഞ്ച് മാസമായി ജീവനക്കാർ ഇല്ലാത്തത് മൂലം പഞ്ചായത്തിന്‍റെ ദൈനംദിന പ്രവർത്തങ്ങൾ പോലും തടസപ്പെട്ടുവെന്നാണ് ജനപ്രതിനിധികൾ ആരോപിക്കുന്നത്.

ABOUT THE AUTHOR

...view details