കാസര്‍കോട് :രാജ്യത്തെ നടുക്കിയ മംഗളൂരു വിമാന ദുരന്തം നടന്ന് പതിമൂന്ന് വർഷം പിന്നിടുമ്പോഴും ന്യായമായ നഷ്‌ടപരിഹാരത്തിനായി മരിച്ചവരുടെ കുടുംബങ്ങൾ ഇപ്പോഴും നിയമ പോരാട്ടത്തിലാണ്. 52 മലയാളികളടക്കം 158 പേർക്കാണ് വിമാനം കത്തിയമർന്ന് ജീവൻ നഷ്‌ടമായത്. അപകടത്തിൽ മരിച്ചവർക്ക് 75 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകാൻ കോടതി വിധിച്ചെങ്കിലും അതിനായുള്ള കാത്തിരിപ്പും, നിയമ പോരാട്ടവും ഇപ്പോഴും തുടരുകയാണ്. എയർ ഇന്ത്യയുടെ മാനദണ്ഡത്തിലുള്ള നഷ്‌ടപരിഹാരം മാത്രമാണ് നൽകിയിട്ടുള്ളത്.
നിമയപോരാട്ടം സുപ്രീം കോടതിയില്‍ : പലർക്കും പലരീതിയിലുള്ള നഷ്‌ടപരിഹാരമാണ് ലഭിച്ചിട്ടുള്ളത്. രണ്ടുലക്ഷം മുതൽ 16 ലക്ഷം വരെയാണ് പലർക്കും ലഭ്യമായത്. ന്യായമായ നഷ്‌ടപരിഹാരത്തിനായി സുപ്രീംകോടതി വരെ കേസെത്തി. നിലവില്‍ നിയമപോരാട്ടം നടക്കുന്നത് സുപ്രീം കോടതിയിലാണ്.
അതേസമയം, വിമാനാപകടത്തിന്‍റെ സാങ്കേതിക കാരണങ്ങളെ ചൊല്ലി ഇപ്പോഴും അര്‍ഹമായ നഷ്‌ടപരിഹാരം എയര്‍ ഇന്ത്യ നിഷേധിക്കുന്നുവെന്നാണ് കുടുംബങ്ങളുടെ പരാതി. 2010 മെയ് 22ന് രാവിലെ 6.30നായിരുന്നു എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം തകര്‍ന്നുവീണത്. മംഗലാപുരത്തായിരുന്നു സംഭവം.
മാന്യമായ നഷ്‌ടപരിഹാരം നല്‍കാതെ ഒഴിഞ്ഞുമാറുവാനുള്ള ശ്രമമാണ് വിമാനക്കമ്പനിയുടേത് എന്ന് മംഗളൂരു എയര്‍ക്രാഷ് വിക്‌റ്റിംസ് ഫാമിലി അസോസിയേഷന്‍ ആരോപിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ പലര്‍ക്കും തുച്ഛമായ നഷ്‌ടപരിഹാരമായിരുന്നു ലഭിച്ചത്. കേരള ഹൈക്കോടതിയില്‍ ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ മുഴുവന്‍ റിട്ട് ഹര്‍ജികളും തള്ളണമെന്ന ആവശ്യവുമായി വിമാനക്കമ്പനി ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു.