കാസർകോട്: ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് നമ്മൾ പലരീതിയിലും പ്രതികരിക്കാറുണ്ട്. അവിടെയാണ് ഇന്ധന ഭാരം മുതൽ വൈദ്യുതി ഭാരം വരെ തലയിൽ ചുമന്ന് ഗൃഹനാഥന്‍റെ വേറിട്ട പ്രതിഷേധം. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന സർക്കാരിന്‍റെ ബജറ്റിനെതിരെയാണ് ഉളിയത്തടുക്ക സ്വദേശി കെ വി സെബാസ്റ്റ്യന്‍റെ ഒറ്റയാൾ പ്രതിഷേധം.
കാസർകോട് വില്ലേജ് ഓഫീസ് മുതൽ പഴയ ബസ് സ്റ്റാൻഡ്, ജനറൽ ആശുപത്രി, പെട്രോൾ പമ്പ്, പുതിയ ബസ് സ്റ്റാൻഡ്, വിദ്യാനഗർ എന്നിവിടങ്ങളിലൂടെ അഞ്ചു കിലോമീറ്റർ ദൂരം പ്രതീകാത്മക ചാക്കു കെട്ടുകളും പേറിയുള്ള സെബാസ്‌റ്റ്യന്‍റെ യാത്ര കലക്‌ടറേറ്റിന് മുന്നിലാണ് സമാപിച്ചത്. വീട്ടുകരം, ഭൂമിയുടെ ന്യായ വില, രജിസ്‌ട്രേഷൻ, വൈദ്യുതി കരം, വെള്ള കരം, അടച്ചിട്ട വീടിനുള്ള കരം, ഇന്ധന ഭാരം തുടങ്ങി ഏഴോളം വിഭാഗങ്ങൾക്ക് കുത്തനെ നികുതി വർധിപ്പിച്ചാൽ സാധാരണക്കാരന്‍റെ നടുവൊടിയുമെന്ന് സെബാസ്റ്റ്യൻ പറയുന്നു.