കാസർകോട്:മലയാളി മാധ്യമപ്രവർത്തക ശ്രുതിയുടെ മരണത്തിൽ ഭർത്താവ് അനീഷിനെതിരെ ലുക്കൗട്ട് നോട്ടീസ്. സംഭവം നടന്ന് രണ്ടര മാസം കഴിഞ്ഞിട്ടും അനീഷിനെ കണ്ടെത്താനായിട്ടില്ല. ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ബെംഗളൂരു പൊലീസിന്‍റെ നടപടി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതിന് ശേഷം രണ്ട് തവണ ബെംഗളൂരു പൊലീസ് അനീഷിന്‍റെ സ്വദേശമായ കണ്ണൂരിലെത്തി തെരച്ചിൽ നടത്തിയിരുന്നു. അനീഷിന്‍റെ സുഹൃത്തുക്കളുടെ വീടുകളിൽ ഉൾപ്പടെ അന്വേഷണസംഘം എത്തി. എന്നാൽ അനീഷിനെ പറ്റി വിവരമൊന്നും ലഭിച്ചില്ല.
ഒളിവിൽപോയ അനീഷിനെ സുഹൃത്തുക്കൾ രഹസ്യമായി സഹായിക്കുന്നുണ്ടെന്ന് ശ്രുതിയുടെ കുടുംബം ആരോപിച്ചിരുന്നു. കേസിൽ മുൻകൂർ ജാമ്യത്തിനായി അനീഷ് നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. അനീഷിന്‍റെ ബന്ധുക്കളെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലൂടെ അന്വേഷണസംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.