കേരളം

kerala

ETV Bharat / state

'തകരാറ്' കേള്‍ക്കാന്‍ ആളില്ല; യന്ത്രത്തകരാറ് പരിഹരിക്കപ്പെടാതായതോടെ താഴുവീണ് മലബാറിലെ ചകിരി വ്യവസായം - മെഷിനറികൾ

ചകിരി നിര്‍മാണത്തിലെ യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കാന്‍ സംവിധാനങ്ങളും സര്‍ക്കാര്‍ ഇടപെടലും ഇല്ലാതെ വന്നതോടെ മലബാറിലെ ചകിരി വ്യവസായ യൂണിറ്റുകൾ അടച്ചുപൂട്ടലിലേക്ക്

Malabar  Machine oriented Coir industry  Coir industry  troubles in machineries  തകരാറ്  യന്ത്രത്തകരാറ്  മലബാറിലെ ചകിരി വ്യവസായം  ചകിരി  യന്ത്രങ്ങളുടെ  സര്‍ക്കാര്‍  വ്യവസായ യൂണിറ്റുകൾ  കാസര്‍കോട്  മെഷിനറികൾ  കാസർകോട്
യന്ത്രത്തകരാറ് പരിഹരിക്കപ്പെടാതായതോടെ താഴുവീണ് മലബാറിലെ ചകിരി വ്യവസായം

By

Published : Dec 26, 2022, 7:24 PM IST

യന്ത്രത്തകരാറ് പരിഹരിക്കപ്പെടാതായതോടെ താഴുവീണ് മലബാറിലെ ചകിരി വ്യവസായം

കാസര്‍കോട്:മലബാറിലെ യന്ത്രവൽകൃത ചകിരി വ്യവസായ യൂണിറ്റുകൾക്ക് താഴുവീഴുന്നു. ചകിരി നിർമാണത്തിനായുള്ള യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിക്കാൻ സംവിധാനങ്ങളില്ലാത്തതും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്തതുമാണ് പ്രതിസന്ധിക്കും അടച്ചു പൂട്ടലിലേക്കും നീങ്ങുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിലെ യന്ത്രവല്‍കൃത ചകിരി വ്യവസായ സഹകരണ സംഘങ്ങളുടെ പ്രവർത്തനം നിലച്ചിട്ട് ഏതാണ്ട് ഒന്നര വർഷമായി.

കേടായ യന്ത്രഭാഗങ്ങൾക്ക് പകരം പുതിയ മെഷിനറികൾ സ്ഥാപിക്കണമെന്ന സഹകരണ സംഘങ്ങളുടെ അപേക്ഷ പരിഗണിക്കാത്തതും കയർ ഫെഡിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചു പൂട്ടിക്കിടക്കുന്നതിന് കാരണമായി. ഇതോടെ അറുപതോളം തൊഴിലാളികൾക്ക് ജോലിയും കൂലിയുമില്ലാതായി. കാഞ്ഞങ്ങാട് ഇൻസ്പെക്‌ടർ ഓഫിസിന് കീഴിൽ കാസർകോട്, കണ്ണൂർ ജില്ലകളിലായി പ്രവർത്തിച്ചിരുന്ന ഏഴ് സഹകരണ സംഘങ്ങളാണ് പൂർണമായി അടച്ചുപൂട്ടിയത്.

കയർ ഫെഡിന്‍റെ നിയന്ത്രണത്തിലാണ് സൊസൈറ്റികളുടെ പ്രവർത്തനം. ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് കയർ നിർമാണത്തിനാവശ്യമായ ചകിരികൾ യന്ത്രങ്ങളുടെ സഹായത്തോടെ ഒരുക്കിയെടുത്ത് ആലപ്പുഴയിലേക്ക് ഉൾപ്പടെ കയറ്റി അയച്ചിരുന്നു. പ്രാദേശികമായി കയറുൽപ്പന്നങ്ങൾ നിർമിക്കുന്ന ചെറിയ സ്ഥാപനങ്ങൾക്കും ചകിരിനാര് നൽകി വന്നിരുന്നു. ഫാക്‌ടറി പ്രവർത്തിക്കുന്നില്ലെങ്കിലും ഉയർന്ന നിരക്കിലുള്ള കറന്‍റ് ബില്ല് മാസാമാസം സ്ഥാപനത്തിലെത്തുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.

തുടർച്ചയായി ബില്ലടക്കുന്നതിൽ വീഴ്‌ച വരുത്തിയതു കാരണം പിലിക്കോട് പ്രവർത്തിക്കുന്ന സഹകരണ സംഘം റവന്യൂ റിക്കവറി നടപടി നേരിടുകയാണ്. കോടികൾ മുടക്കി ആരംഭിച്ച സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനായി സർക്കാരിന്‍റെ ഇടപടൽ അനിവാര്യമാണെന്നാണ് ഉയരുന്ന ആവശ്യം. 1993-ൽ പ്രവർത്തിക്കാൻ തുടങ്ങിയ പിലിക്കോടെ ഒരു യൂണിറ്റിൽ പത്തോളം സ്‌ത്രീ തൊഴിലാളികളാണുണ്ടായിരുന്നത്. ശമ്പളവും ബോണസുമടക്കം എല്ലാ ആനുകൂല്യവും നൽകി വരുന്നതിനിടയിൽ യന്ത്രതകരാറ് ഉത്‌പാദനം നിർത്തിവയ്‌ക്കാൻ ഇടയാക്കി.

ബീറ്റർ, ടർബോ ക്ലീനർ, ക്രീനർ, പ്രസ്സിങ് മെഷീൻ, മോട്ടോറുകൾ, കൺവയർ സിസ്‌റ്റം തുടങ്ങിയവ അടങ്ങുന്നതാണ് ഒരു യൂണിറ്റ്. ഇതെല്ലാം മാറ്റി സ്ഥാപിച്ചാല്‍ മാത്രമെ ഫാക്‌ടറിയുടെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ കഴിയുകയുള്ളു. കേടായ യന്ത്രങ്ങൾ നന്നാക്കി പ്രവർത്തിപ്പിക്കാൻ ഇവര്‍ സർക്കാർ സ്ഥാപനമായ സിൽക്കിനെ സമീപിച്ചിരുന്നു. പരിശോധന നടന്നുവെങ്കിലും പോയിട്ടുണ്ടെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ലെന്നു ചകിരി വ്യവസായ സഹകരണ സംഘം പ്രസിഡന്‍റ് പറഞ്ഞു.

ABOUT THE AUTHOR

...view details