കാസര്‍കോട്: സ്വയംഭൂ പ്രതിഷ്ഠയാൽ പ്രസിദ്ധമാണ് കാസര്‍കോട് മധുരിലെ മഹാ ഗണപതി ക്ഷേത്രം. പരമശിവനാണ് പ്രധാന ആരാധന മൂർത്തിയെങ്കിലും സിദ്ധിവിനായക പ്രഭയാൽ അനുഗ്രഹീതമാണ് ഈ ക്ഷേത്രം. ഉത്സവവും വഴിപാടുകളുമില്ലെങ്കിലും ഗണേശ സ്തുതികളാൽ നിറഞ്ഞ അന്തരീക്ഷമാണ് മധുരിൽ. അഞ്ച് സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ചരിത്രത്തിലേക്ക് കൂടി വഴി നടത്തുന്നുണ്ട് മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം.വിനായക ക്ഷേത്രങ്ങൾ പലതുണ്ടെങ്കിലും എല്ലാത്തിലും വ്യത്യസ്തമാണ് മധൂരിലെ മഹാഗണപതി. വലത് ഭാഗത്തേക് തുമ്പിക്കൈയുള്ള ഗണപതി. കിഴക്ക് ഭാഗത്തേക്ക് മുഖമായിരിക്കുന്ന ശിവ പ്രതിഷ്ഠയ്ക്ക് സമീപമായി തെക്കു ഭാഗത്തേക്ക് മുഖമായി സ്വയം ഭൂവായതാണ് മധൂരിലെ സിദ്ധിവിനായകൻ. ക്ഷേത്ര പ്രതിഷ്ഠകൾക്കുള്ള വിഗ്രഹങ്ങൾ നിര്‍മിക്കപ്പെടുന്നവയാണെങ്കിൽ ഇവിടെ ഗണപതി രൂപം മണ്ണിലാണ്. അതു കൊണ്ടു തന്നെ ഗണപതിക്കായി അഭിഷേകങ്ങൾ ഒന്നും ഇവിടില്ല.
ഉത്സവങ്ങളും വഴിപാടുകളുമെല്ലാം ശിവ ഭാഗവനാണെങ്കിലും പ്രസിദ്ധിയാര്‍ജിച്ചത് സിദ്ധിവിനായകനാണ്. അഭിഷേകങ്ങളും നിവേദ്യങ്ങളും ഇല്ലാത്ത ഗണപതിക്ക് അപ്പം കൊണ്ടു മൂടുന്ന മൂഡപ്പ സേവയാണ് പ്രാധനം. എങ്കിലും വർഷങ്ങളുടെ ഇടവേളയിൽ മാത്രമേ ഈ സേവ നടക്കാറുള്ളൂ. നിർമാണ വൈദഗ്ധ്യം കൊണ്ടും മധൂർ ക്ഷേത്രം ശ്രദ്ധിക്കപ്പെടും. ആനയുടെ പിന്‍ഭാഗമെന്ന് തോന്നും വിധത്തിൽ മൂന്ന് നിലകളിലായാണ് ക്ഷേത്രം. മനോഹരമായ ദാരു ശില്‍പങ്ങളും ക്ഷേത്രത്തിനകത്ത് കാണാം. പുനരുദ്ധാരണം നടന്നപ്പോഴും വാസ്തു ശൈലിയിൽ മാറ്റം വരുത്തിയിട്ടില്ല. പഞ്ചപാണ്ഡവന്മാരുടെ പ്രതിഷ്ഠ ഉള്ളതിനാൽ അയ്യായിരം വർഷങ്ങൾക്ക് മുൻപേ ഈ ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.