കേരളം

kerala

ETV Bharat / state

കാസർകോട്ട് നേട്ടമുണ്ടാക്കി ഇടത് മുന്നണി

ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച എൽഡിഎഫ് 38 പഞ്ചായത്തുകളിൽ 15 ഇടത്ത് ഭരണമുറപ്പിച്ചു. നാല് പഞ്ചായത്തുകളിൽ ആര് ഭരിക്കുമെന്നത് സ്വതന്ത്രർ തീരുമാനിക്കും.

local boady election results in kasaragod  തദ്ദേശ തെരഞ്ഞെടുപ്പ് കാസർകോട്  kerala local boady election 2020  എൽഡിഎഫ്  യുഡിഎഫ്  എൻഡിഎ
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നേട്ടമുണ്ടാക്കി ഇടത് മുന്നണി

By

Published : Dec 16, 2020, 6:37 PM IST

കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നേട്ടമുണ്ടാക്കി ഇടത് മുന്നണി. ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച എൽഡിഎഫ് 38 പഞ്ചായത്തുകളിൽ 15 ഇടത്ത് ഭരണമുറപ്പിച്ചു. നാല് പഞ്ചായത്തുകളിൽ ആര് ഭരിക്കുമെന്നത് സ്വതന്ത്രർ തീരുമാനിക്കും.

2015ൽ നഷ്‌ടമായ ജില്ലാ പഞ്ചായത്തിൽ ഒരു സ്വതന്ത്രന്‍റെ വിജയതോടെയാണ് ഇടതു മുന്നണി ഭരണം ഉറപ്പിച്ചത്. 17 ഡിവിഷനുകളിൽ ഏഴ് സീറ്റിൽ ഇടത് സ്ഥാനാർഥികൾ ജയിച്ചപ്പോൾ ചെങ്കള ഡിവിഷനിൽ ഇടത് പിന്തുണയോടെ മത്സരിച്ച മുൻ കോൺഗ്രസ് നേതാവ് ഷാനവാസ് പാദൂർ അട്ടിമറി വിജയം നേടി. 139 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ആയിരുന്ന ഷാനവാസ് ജയിച്ചത്. യുഡിഎഫ് ഏഴ് ഡിവിഷനിൽ വിജയിച്ചപ്പോൾ എടനീർ, പുത്തിഗെ ഡിവിഷനുകൾ ബിജെപി നില നിർത്തി.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് സമാനമായി ബ്ലോക്ക് പഞ്ചായത്തിൽ ആറിൽ നാല് ഇടത്തും ഇടതു മുന്നണി ഭരണം നേടി. കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകൾ പതിവ് പോലെ വലതു മുന്നണിക്കൊപ്പം നിന്നു. നഗരസഭകളിൽ കാസർകോട് മാത്രമാണ് യുഡിഎഫ് നില മെച്ചപ്പെടുത്തിയത്. 20 ൽ നിന്ന് 21 സീറ്റ് നില ഉയർത്തി യുഡിഎഫ് ഭരണം നില നിർത്തി. കഴിഞ്ഞ തവണ പിടിച്ചെടുത്ത കാഞ്ഞങ്ങാട് നഗര ഭരണം വ്യക്തമായ ഭൂരിപക്ഷത്തിൽ ഇടതു മുന്നണി നിലനിർത്തി. നീലേശ്വരം നഗരസഭയും ഇടതു ചേർന്നു നിന്നു.

പഞ്ചായത്ത് തലത്തിലും ഇടത് മുന്നണിക്കാണ് മേൽക്കൈ. 15 പഞ്ചായതുകളിൽ ഇടതു മുന്നണി കേവല ഭൂരിപക്ഷം നേടി. ഇതിൽ ബേഡകവും കയ്യൂർ ചീമേനിയിലും മുഴുവൻ സീറ്റും ഇടത് മുന്നണി തൂത്തുവാരി. വലിയ പറമ്പ്, ഉദുമ, കുറ്റിക്കോൽ പഞ്ചായത്തുകളാണ് ഇടതു മുന്നണി ഇക്കുറി പിടിച്ചെടുത്തത്. യുഡിഎഫിന് 13 പഞ്ചായത്തുകളിലാണ് കേവല ഭൂരിപക്ഷം. വെസ്റ്റ് എളേരി, പുല്ലൂർ പെരിയ പഞ്ചായത്തുകൾ എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുക്കാനായതും യുഡിഎഫിന് നേട്ടമായി.

2015ൽ അഞ്ച് പഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റ കക്ഷി ആയ ബിജെപി ഇത്തവണയും അഞ്ച് ഇടങ്ങളിൽ മേൽകൈ നേടി. എന്നാൽ മധൂരിലും ബെള്ളൂരിലും മാത്രമാണ് ഭരണം ഉറപ്പിക്കാനായത്.
മീഞ്ച, പൈവലിഗേ, കാറഡുക്ക പഞ്ചായത്തുകളിൽ പ്രാദേശിക നീക്കുപോക്കുകൾ പഞ്ചായത്ത് ഭരണസമിതിയെ തീരുമാനിക്കും. കുമ്പഡാജെ, വോർക്കടി, ബദിയടുക്ക, മുളിയാർ എന്നിവിടങ്ങളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. ഈ പഞ്ചായത്തുകളിൽ സ്വതന്ത്രരുടെ നിലപാടുകൾ നിർണായകമാണ്. ഈസ്റ്റ് എളേരി പഞ്ചായത്തിൽ സീറ്റുകൾ കുറഞ്ഞെങ്കിലും ജനാധിപത്യ വികസന മുന്നണി വീണ്ടും ഭരണ സാരഥ്യത്തിലെത്തി.

ABOUT THE AUTHOR

...view details