കേരളം

kerala

ETV Bharat / state

പെയ്‌തിറങ്ങിയ വിഷമഴയില്‍ പൊള്ളിയുരുകിയ ജീവിതങ്ങൾ

നടപ്പിലാകാത്ത സര്‍ക്കാര്‍ വാഗ്‌ദാനങ്ങളുമായി ഇടിവി ഭാരത് പ്രത്യേക വാര്‍ത്താ പരമ്പര " വെറും വാഗ്‌ദാനങ്ങള്‍"

endosulfan latest news  life of Endosulfan affected people  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  എൻഡോസള്‍ഫാൻ വാര്‍ത്തകള്‍
പെയ്‌തിറങ്ങിയ വിഷമഴയില്‍ പൊള്ളിയുരുകിയ ജീവിതങ്ങൾ

By

Published : Mar 5, 2021, 11:50 AM IST

കാസര്‍കോട്:ഓരോ കാഴ്‌ചയിലും മലയാളിക്ക് നീറുന്ന ഓർമയുടെ പേരാണ് എൻഡോസൾഫാൻ. കാസർകോടൻ മണ്ണില്‍ എൻഡോസൾഫാൻ എന്ന വിഷ മരുന്ന് എത്രവലിയ വിപത്താണ് സൃഷ്ടിച്ചതെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല. ജീവന്‍റെ ഓരോ കണികയിലും വേദന മാത്രം അറിയുന്ന മനുഷ്യൻ. വിഷമഴ പെയ്ത ഭൂമിയില്‍ ജീവന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായപ്പോഴാണ് സഹന സമരങ്ങള്‍ വരുന്നത്. ഒപ്പം പഠനങ്ങളും. ഒരു വഴിക്ക് ഇതെല്ലാം നടക്കുമ്പോള്‍ ശാരീരിക വൈകല്യങ്ങളും കാന്‍സര്‍ ബാധിതരും മാനസിക വൈകല്യമുള്ളവരുമായി നിരവധി ജീവനുകളാണ് കാസർകോടിന്‍റെ പല മേഖലകളിലായി ജീവിതം തള്ളി നീക്കുന്നത്. മരുന്നുകള്‍ക്കപ്പുറം ദുരിതബാധിതര്‍ക്ക് ആശ്വാസമേകുന്ന പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് കാസര്‍കോട് ഒരേ ശബ്ദത്തില്‍ ആവശ്യപ്പെടുന്നത്.

പെയ്‌തിറങ്ങിയ വിഷമഴയില്‍ പൊള്ളിയുരുകിയ ജീവിതങ്ങൾ

വൈകല്യങ്ങളുമായി പിറന്ന കുഞ്ഞുങ്ങളെ പരിചരിക്കുന്ന അമ്മമാര്‍ക്ക് ഒരു നിമിഷം അവരെ വിട്ടു നില്‍ക്കാന്‍ കഴിയില്ല. സ്വന്തം ആരോഗ്യപ്രശ്‌നങ്ങള്‍ പോലും പുറത്തറിയിക്കാതെ ജീവിക്കുന്ന ഇവര്‍ക്ക് ആശ്വാസം പെന്‍ഷന്‍ മാത്രമാണ്. അമ്മമാര്‍ക്ക് തൊഴിലെടുക്കാനുള്ള അവസരം, കുട്ടികളെ പരിചരിക്കല്‍ തുടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് പുനരധിവാസ ഗ്രാമമെന്ന ആശയം വന്നത്. സ്ഥലമെടുപ്പും തറക്കല്ലിടലും കഴിഞ്ഞെങ്കിലും പുനരധിവാസ ഗ്രാമം ഇന്നും കടലാസില്‍ തന്നെയാണ്.

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നടത്തിയ ഇടപെടലുകള്‍ ദുരിതബാധിതർക്കിടയില്‍ വെളിച്ചം വീശിയിരുന്നു. സുപ്രീം കോടതി ദുരിതബാധിതര്‍ക്കനുകൂലമായി വിധി പുറപ്പെടുവിച്ചു. രോഗത്തി തീവ്രത അനുസരിച്ച് നഷ്ടപരിഹാരത്തുക നിശ്ചയിച്ചെങ്കിലും മുഴുവനാളുകള്‍ക്കും അത് കൊടുത്തു തീര്‍ക്കാന്‍ ഇനിയുമായിട്ടില്ല.

6727 പേരാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്ളത്. 2017ലെ മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ 1031 പേരെ ഇനിയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അന്ന് ലിസ്റ്റില്‍ വന്ന 511പേര്‍ക്ക് പെന്‍ഷന്‍ മാത്രമാണ് ലഭ്യമാകുന്നത്. ദുരിതബാധിതരെ കണ്ടെത്തുക എന്നത് മെഡിക്കല്‍ ക്യാമ്പുകള്‍ വഴി മാത്രമേ സാധ്യമാകുന്നുള്ളു. ഈ ഘട്ടത്തിലാണ് അനര്‍ഹര്‍ ദുരിതബാധിത പട്ടികയില്‍ കടന്നു കൂടിയെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. അനര്‍ഹര്‍ കടന്നുകൂടിയെങ്കില്‍ അതിനുത്തരവാദി അവരെ പരിശോധിച്ച ഡോക്ടര്‍മാരല്ലേ എന്ന മറുചോദ്യമാണ് ദുരിതബാധിതര്‍ ഉന്നയിക്കുന്നത്.

ഇവരുടെ ചികിത്സയും വലിയ പ്രതിസന്ധിയാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടുവെങ്കിലും ന്യൂറോ സംബന്ധമായ അസുഖത്തിന് കാസർകോട് ജില്ലയില്‍ ചികിത്സയില്ല. ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യം പല തവണ ഉയര്‍ന്നുവെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. കുട്ടികളെയുമെടുത്ത് മംഗളൂരുവിലെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ട ഗതികേടിലാണ് മാതാപിതാക്കള്‍.

സ്വന്തമായി വീടില്ലാത്ത ദുരിതബാധിത കുടുംബങ്ങളും ഇന്ന് കണ്ണീരിലാണ്. മടിക്കൈ അമ്പലത്തറയിലെ ശാന്തയുടെ മൂന്ന് മക്കളില്‍ രണ്ട് പേരും പലവിധ രോഗങ്ങളാല്‍ ദിവസങ്ങള്‍ തള്ളി നീക്കുകയാണ്. വാടക വീട്ടിലാണ് ഇവരുടെ ജീവിതം.

സായിഗ്രാമത്തില്‍ നിര്‍മിച്ച വീടുകളിലൊന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനത്തില്‍ വീട്ടുവാടക കൂടി ചെലവായിക്കഴിഞ്ഞാല്‍ പിന്നെ കഷ്ടപ്പാടാണ്. ഇങ്ങനെയുള്ള നിരവധി ജീവിതങ്ങളുണ്ട് കാസര്‍കോടിന്റെ പല ഭാഗത്തും. പുനരധിവാസ ഗ്രാമമുള്‍പ്പെടെ വേഗത്തില്‍ നടപ്പിലായാല്‍ മാത്രമേ ഇവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമേകാന്‍ കഴിയൂ.

ABOUT THE AUTHOR

...view details